യു എ ഇ: സാമൂഹിക ഒത്തുകൂടലുകൾ രോഗവ്യാപനത്തിന് ഇടയാക്കുന്നതായി അധികൃതർ

GCC News

പൊതു സമൂഹത്തിൽ വിവിധ സാമൂഹിക ചടങ്ങുകൾക്കും, ആഘോഷങ്ങൾക്കുമായി ജനങ്ങൾ ഒത്ത്‌ചേരുന്നത് യു എ ഇയിൽ COVID-19 രോഗവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബങ്ങൾക്കിടയിലും, യുവാക്കൾക്കിടയിലും വിവിധതരത്തിലുള്ള ഒത്തു കൂടലുകൾ വർദ്ധിക്കുന്നതായും, ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവിന് ഇതും കരണമാകുന്നുണ്ടെന്നും മാർച്ച് 27-ലെ COVID-19 അവലോകന പത്രസമ്മേളനത്തിൽ സർക്കാർ വക്താവ് ഡോ. അംന അൽ ദഹക് അൽ ഷംസി വ്യക്തമാക്കി.

“എല്ലാ വിധ ഒത്തുചേരലുകളും ഒഴിവാക്കേണ്ടത് സമൂഹ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാനും, കൂട്ടം ചേരുന്നത് ഒഴിവാക്കാനും യു എ ഇ നിവാസികൾ പ്രത്യേക ശ്രദ്ധ പുലർത്തണം” യു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതിനിടയിൽ ഡോ. അൽ ഷംസി പൊതുസമൂഹത്തിനെ ഓർമിപ്പിച്ചു. സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകൾ, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങൾ എന്നിവ ഇപ്പോഴും രോഗവ്യാപനത്തിനിടയാക്കുന്നത് തീർത്തും ഖേദകരമാണെന്ന് അവർ കൂട്ടിച്ചേർത്തു. ചില കുടുംബങ്ങൾക്കിടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ആളുകൾ ഒത്തുചേരുന്നത് ശ്രദ്ധയിൽ പെട്ടതായും അവർ സൂചിപ്പിച്ചു.

യു എ ഇയിലെ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് കൊണ്ടുള്ള തീരുമാനം സമൂഹത്തിലെ സമ്പത്‌വ്യവസ്ഥയുടെ ഭദ്രത ഉറപ്പാക്കുന്നതിനാണെന്നും, COVID-19 പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായും പാലിക്കണമെന്നും ഡോ. അൽ ഷംസി വ്യക്തമാക്കി. കൊറോണാ വൈറസ് ഉയർത്തുന്ന ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന് ഓർമിപ്പിച്ച അവർ, പൊതുസമൂഹത്തിന്റെയും, ഓരോ കുടുംബങ്ങളുടെയും സുരക്ഷ മുൻനിർത്തി പൊതുജനങ്ങളോട് സമൂഹ അകലം, മാസ്ക് മുതലായ സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകാതിരിക്കാൻ ജാഗരൂകരാവാൻ ആഹ്വാനം ചെയ്തു.