അന്താരാഷ്ട്ര ജനാധിപത്യ ദിനം

Editorial
അന്താരാഷ്ട്ര ജനാധിപത്യ ദിനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി ‘International Day of Democracy’ (അന്താരാഷ്ട്ര ജനാധിപത്യ ദിനം) എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്ക് പകർന്നു കൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി.

രാജ്യാതിർത്തികൾ താണ്ടി COVID-19 വിതച്ച രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധികളെ നേരിടുന്ന ഈ വേളയിലും മനുഷ്യത്വത്തിന്‌ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രധിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രങ്ങൾ ഒന്നിച്ചു നിലകൊള്ളേണ്ടതിന്റെ അനിവാര്യതയാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര ജനാധിപത്യ സന്ദേശമായി ഉയർത്തിക്കാട്ടുന്നത്. സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണപ്രക്രിയയ്ക്ക് ലോകം നല്കുന്ന പ്രാധാന്യത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

ഭരണ കർത്താക്കളുടെ ഇഷ്ടം എന്നത് പൊതുജന പങ്കാളിത്തത്തോട് കൂടി ചേർന്ന് നിൽക്കുന്നതായിരിക്കണം, അങ്ങിനെയെങ്കിൽ മാത്രമേ ഒരു രാഷ്ട്രത്തിന് ശരിയായ വിധം തീരുമാനങ്ങൾ എടുക്കാൻ കഴിയു. ഒരു ജനാധിപത്യം എന്തായിരിക്കണം, എങ്ങനെയായിരിക്കണം, അതിന്റെ മൂല്യമെന്ത് തുടങ്ങിയ ചർച്ചകൾക്ക് വേദിയാകുവാൻ കൂടി ഈ ദിനം ഉപകരിക്കുന്നു. ഭരണം എന്നത് അധികാരം പോലെ, ചുമതല കൂടിയാണെന്ന് ഓരോ ഭരണാധികാരികളും ഈ ദിനമെങ്കിലും ഓർത്താൽ നന്ന്.

Cover Photo by Element5 Digital on Unsplash

Leave a Reply

Your email address will not be published. Required fields are marked *