ലോക സമാധാന ദിനം

Editorial

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും, രാജ്യാന്തര തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനും വേണ്ടിയുള്ള ഒരു ഉപാധികൂടിയാണ് “അന്താരാഷ്‌ട്ര സമാധാന ദിനം”, അഥവാ International Day of Peace എന്ന ആശയം. മനുഷ്യരാശിയുടെ നിലനിൽപ്പിനും, രാജ്യാന്തര വിപണനം മെച്ചപ്പെടുത്തുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ഒത്തൊരുമ കൂടിയേതീരൂ എന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.

1981-ലെ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ ലോക സമാധാന ദിനത്തിന് തുടക്കമിട്ടു. സ്പർദ്ധയിലും, അഭിപ്രായവ്യത്യാസത്തിലും നിലകൊള്ളുന്ന രാജ്യങ്ങൾക്ക് കലഹം പരിധിവിടാതെ ചിന്തിച്ച് തീർപ്പാക്കുന്നതിനും, എന്നും നഷ്ടങ്ങൾ മാത്രം വിതയ്ക്കുന്ന യുദ്ധങ്ങൾ ഒഴിവാക്കുന്നതിനായി ഒരു 24 മണിക്കൂർ ആലോചനാ സമയം കൊണ്ടുവരിക എന്നതുമായ വലിയ ആശയമാണ് ഈ ദിനത്തിന് പിന്നിലുള്ളത്. “Shaping Peace Together” എന്നതാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര സമാധാന ദിനത്തിന്റെ മുഖ്യ ആശയം. കാരണം ഈ വർഷം രാജ്യങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് സ്ഥാനമില്ല; മറിച്ച് എല്ലാ രാഷ്ട്രങ്ങളും ഒന്നായി COVID-19 എന്ന പൊതു ശത്രുവിനോടുള്ള പ്രതിരോധ ശ്രമങ്ങളിലാണ്. ഇവിടെ രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിന്റെ ആവശ്യകത എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ആശയത്തിൽ നിന്നാണ് “Shaping Peace Together” എന്ന ആശയം രൂപീകൃതമായത്.

ലോക സമാധാനം ഊട്ടിയുറപ്പിക്കാൻ നമ്മൾ ഓരോരുത്തരുടെയും മനസ്സുകൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും തയാറാകേണ്ടത് കാലത്തിന്റെ അനിവാര്യതയായി കാണേണ്ടതാണ്. രാജ്യാന്തര യാത്രകൾക്ക് പോലും വിഘാതം സൃഷ്ടിച്ച് കൊണ്ട്, മാനവരാശി തുടർന്ന് വന്ന ജീവിതശൈലികളിലെല്ലാം മാറ്റങ്ങൾ വരുത്തിയ ഒരു സൂക്ഷ്മാണു എതിരിൽ നില്ക്കുന്ന ഈ സമയമെങ്കിലും നമ്മൾ ഓർക്കണം, യുദ്ധവും, വെല്ലുവിളികളും, വൈരവും, വൈരാഗ്യവും എല്ലാം വെറും വെറുതെയാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *