മുന്നണികളെ ശക്തിപ്പെടുത്തുക എന്നതിലേക്ക് മാത്രം രാഷ്ട്രീയം ശ്രദ്ധയൂന്നുമ്പോൾ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിലെ നന്മയാണ്. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ മുന്നണികൾ അധികാരമേറിയതിന്റെ മൂന്നാം നാൾ ജനം എന്ന അടിസ്ഥാന സത്യത്തെ മറക്കാൻ ആരംഭിക്കുന്നു. പിന്നീട് നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് ഓരോ മുന്നണികൾക്കും പറയാനുണ്ടാവുക. ആ നിലനില്പ്പിനായി കള്ളവും, പൊള്ളും, യാഥാർഥ്യബോധമില്ലാത്ത പ്രസ്താവനകളും എല്ലാം, രാഷ്ട്രീയം എന്ന വാക്കിൽ ചുരുക്കി അവതരിപ്പിക്കുന്നതിൽ ഓരോ നേതാവും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭരിക്കുന്നവരും, പ്രജകളും തമ്മിൽ അകലം കൂടുന്നത് പോലും രാഷ്ട്രീയ നിറ വ്യത്യാസംകൊണ്ടാണെന്ന് തോന്നിപ്പിക്കും വിധത്തിൽ കാര്യങ്ങളെ സമീപിക്കാൻ ഓരോ മുന്നണികളും ശ്രദ്ധിക്കുന്നു.
പൊതുസമൂഹത്തിനിഷ്ടപ്പെടാത്തതായാലും പ്രായോഗികകത എന്ന ശീർഷകത്തിൽ കേട്ട് പരിചയിച്ചതുകൊണ്ട് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളെ അത്ര കാര്യമായി കാണുന്നില്ല. എന്നാൽ സുപ്രധാനമായത് മറ്റൊന്നാണ്, മുന്നണികൾക്ക് വേണ്ടി തൊണ്ടപൊട്ടും വിധത്തിൽ മുദ്രവാക്യങ്ങൾ വിളിച്ചും, പ്രത്യേയശാസ്ത്രങ്ങൾ വിശ്വസിച്ചും, സ്വബുദ്ധിയെ പോലും മരവിപ്പിച്ചുകൊണ്ട് നേതാക്കൾക്ക് വേണ്ടി കൊല്ലാനും, ചാവാനും വിധിക്കപ്പെട്ട പാവം അണികളുടെ അവസ്ഥയെക്കുറിച്ച്. ആൾ ബലത്തിനായി വേണ്ട വിധം ഉപയോഗപ്പെടുത്താനുള്ള, കൊടികൾക്ക് പിന്നാലെ നടക്കുന്നവർ. സ്വന്തം കുടുംബത്തെ പോലും മറന്ന് നേതാക്കൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഇവരെ മുന്നണികൾ കാണുന്നതും രാഷ്ട്രീയത്തിന്റെ അടിത്തറയായി മാത്രമാണ്. “നിങ്ങളാണ് ഞങ്ങളുടെ ശക്തി” എന്ന് പറയുമ്പോൾ ഓരോ പ്രവർത്തകനും വിശ്വസിച്ചു പോകുന്നു അത് അവരെ കുറിച്ച് ആത്മാർത്ഥതയോടെ പറയുന്നതാണെന്ന്, എന്നാൽ സത്യത്തിൽ ഈ പ്രയോഗത്തിൽ പ്രത്യേക വ്യക്തികളോ, നാമങ്ങളോ ഇല്ല മറിച്ച് “ഇന്ന് നീ നാളെ മറ്റൊരാൾ” എന്ന രാഷ്ട്രീയ തന്ത്രവാക്ക്യം മാത്രമാണെന്ന് നമ്മുടെ രാഷ്ട്രീയ യുവത മനസ്സിലാക്കാതെ പോകുന്നു.
ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ മറ്റൊരാളുടെ ജീവനെടുക്കുന്നതാണ് രാഷ്ട്രീയ നീതി എന്ന സിദ്ധാന്തം മാറ്റിയെഴുതേണ്ട കാലമതിക്രമിച്ചു. ഏതൊരു തൊഴിൽ പോലെയും സുതാര്യമായി രാഷ്ട്രീയത്തെയും കാണാൻ കഴിയണം; എതിർപ്പുകളെയും, വിവാദങ്ങളെയും പക്വതയോടെ സമീപിക്കാൻ മുന്നണികൾക്ക് കഴിയണം. ജനാധിപത്യത്തിൽ പ്രഥമ പരിഗണന ജനങ്ങൾക്കും, രാഷ്ട്രീയം അതിലെ ഒരു ഘടകം മാത്രമാണ് എന്ന ചിന്തയിലേക്ക് ഒതുങ്ങിക്കൂടാൻ മുന്നണികൾക്ക് കഴിയേണ്ടതുണ്ട്. രാഷ്ട്രീയ എതിർപ്പുകളിൽ മരണങ്ങളുടെ എണ്ണമെടുക്കാൻ തുടങ്ങിയാൽ അരാഷ്ട്രീയം എന്ന അവസ്ഥ വിദൂരമല്ലെന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കേണ്ടതുണ്ട്.