അന്താരാഷ്ട്ര സാക്ഷരതാദിനം

Editorial
അന്താരാഷ്ട്ര സാക്ഷരതാദിനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

അക്ഷരജ്ഞാനം മാത്രമല്ല, ശരിയായ രീതിയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ജനങ്ങൾക്ക് ലഭിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിനായി ഒരു ദിവസം, അതാണ് “അന്താരാഷ്ട്ര സാക്ഷരതാ ദിനം.” സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിച്ചു പോരുന്നത്.1965-ൽ ടെഹ്‌റാനിൽ ചേർന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്.

നിരക്ഷരർക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്നതിനായി രൂപീകൃതമായ ഈ അന്താരാഷ്ട്ര ദിനം, വിദ്യാഭ്യാസത്തിന്റെയും, ശരിയായ പഠന സമ്പ്രദായത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. നൂതന സാങ്കേതിക വിദ്യയുടെയും, ഇന്റർനെറ്റ് സംവിധാനത്തിന്റെയും വളർച്ചയോടെ ലോക സാക്ഷരതാ യജ്ഞത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സാക്ഷരത എന്നത് കേവലം അക്ഷരങ്ങൾ എഴുതാനും വായിക്കാനുമുള്ള കഴിവിൽ നിന്നും മാറി, അധ്യാപന രീതിയിലെ ഉന്നതിയും, സാമൂഹിക ബോധ്യത്തിന്റെ പരിഷ്ക്കരണവും, സർവ്വോപരി ജീവിതരീതികളിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു ആശയമായി മാറിയിരിക്കുന്നു.

“Literacy teaching and learning in the COVID-19 crisis and beyond.” എന്ന ആശയമാണ് ഈ വർഷം സാക്ഷരതാ ദിനം മുന്നോട്ട് വെക്കുന്നത്. COVID-19 മഹാമാരിയുടെ കാലത്തും, അതിനു ശേഷവും സാക്ഷാരത അധ്യാപനത്തിലും, പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ ആശയമായി UNESCO മുന്നോട്ട് വെക്കുന്നത്. മഹാമാരി കാരണം ലോകത്ത് നടക്കേണ്ടിയിരുന്ന പല സാക്ഷരതാ അവബോധ പദ്ധതികളും മാറ്റിവെക്കപ്പെട്ടെങ്കിലും, ഈ പ്രതിസന്ധികൾക്ക് ശേഷം സമഗ്രമായി സാക്ഷരതാ കർമ്മ പരിപാടികൾ സംഘടിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടന ആലോചിക്കുന്നു എന്നത്, ഇത്തരം സാക്ഷരതായജ്ഞങ്ങൾ എത്രമേൽ പ്രാധാന്യമർഹിക്കുന്നു എന്ന് മനസ്സിലാക്കി തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *