അതിജീവനയജ്ഞവും പൊതുജന സഹകരണവും

Editorial

ഒരുപക്ഷെ ഏറെ നാളുകൾക്കിപ്പുറം അല്ലങ്കിൽ നമ്മുടെ ഓർമ്മയിൽ ഇതാദ്യവുമാകാം ലോകം ഐക്യകണ്ഡേന ഒരു പ്രതിരോധ നടപടി സ്വീകരിക്കുന്നത്; “ക്വാറന്റൈൻ ” അഥവാ “വീടുകളിൽ തുടരുക – സുരക്ഷിതരാവുക” എന്ന പ്രക്രിയ. COVID-19 എന്ന മഹാവ്യാധിയുടെ തീവ്രത ഇന്നേക്ക് 22000 ജീവനുകൾ അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്താകമാനം മാനുഷികമായും, സാമ്പത്തികമായും നാശം വിതച്ച ഈ രോഗം നമ്മുടെ രാജ്യത്തും കടന്നു കൂടിയതിന്റെ പശ്ചാത്തലത്തിൽ നാം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെ മനസ്സും ശരീരവും കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഭയം വേണ്ട ജാഗ്രതമതി എന്ന് സമൂഹമാധ്യമത്തിൽ എഴുതിയ ശേഷം നാം നിയമങ്ങളെ കാറ്റിൽപറത്തി സഞ്ചരിക്കാൻ കൊതിക്കുന്നു.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

ഈ മഹാമാരിയെക്കുറിച്ചുള്ള പരിപൂർണ്ണ പരിജ്ഞാനം ഇല്ലാത്തതിനാലും മറ്റൊരു പോംവഴിയും നമുക്ക് മുന്നിൽ ഇപ്പോൾ തെളിയാത്തതിനാലും, നമ്മൾ നിസ്സംശയം ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. എന്നാൽ ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലന്ന തോന്നലാണ്. അരികിലുള്ള ഈ മഹാവ്യാധിയെ മനസ്സിലാക്കാതെ ചിലർ അവരവരുടെ പാതയിലൂടെ സഞ്ചരിക്കാൻ നോക്കുന്നു. ഈ ഘട്ടത്തിൽ നാം ആലോചിക്കേണ്ടത് നമുക്ക് വേണ്ടി അഹോരാത്രം ഈ മഹാവ്യാധിയെ ചെറുക്കുന്നതിനായി പരിശ്രമിക്കുന്ന സമൂഹം എന്തുകൊണ്ട് പൊതുജനങ്ങളോട് സഹകരിക്കണമെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു എന്ന ദുരവസ്ഥയെക്കുറിച്ചാണ്.

സമ്പൂർണ്ണ സാക്ഷരത കൈവരിച്ച നമ്മുടെ സംസ്ഥാനം ഈ വിഷയത്തിൽ പൊതുജനങ്ങൾക്കായി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, പലപ്പോഴും ചിലർ ഇതെല്ലം ഞങ്ങളോടാണോ എന്ന മട്ടിൽ നിയമത്തെ വെല്ലുവിളിക്കാനായി തുനിഞ്ഞിറങ്ങുന്നു. “ഞങ്ങൾ പുറത്തിറങ്ങിയാൽ ഉടനെ വൈറസ് ബാധിക്കുമോ?” , “അടച്ചുപൂട്ടലുകൾ ശരിയാണോ?” എന്നിങ്ങനെയുള്ള സംശയങ്ങൾ ഉന്നയിച്ച് അവർ പോലീസിനെയും, മറ്റു സർക്കാർ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്നു. അവരോടെല്ലാം ഇത്രയേ പറയുവാനുള്ളു, നമുക്ക് മുൻപ് രോഗാവസ്ഥയിൽ എത്തിയവരിൽ ഒരാളും രോഗം പ്രതീക്ഷിച്ച് ഇറങ്ങിയവരായിരിക്കില്ല; പക്ഷെ നമുക്ക് മുന്നിലുള്ള മരണങ്ങളുടെ കണക്കുകൾ അതീവ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. രോഗം ബാധിക്കുകയാണെങ്കിൽ അത് നിങ്ങളെ മാത്രമായിരിക്കില്ല ബാധിക്കുന്നത്, നിങ്ങളുമായി അടുത്തിടപഴകുന്ന കുടുംബാംഗങ്ങൾക്കും, കുട്ടികൾക്കും, സമൂഹത്തിനും വരെ ബാധിച്ചേക്കാവുന്ന വലിയ ഒരു ദുരന്തം മുന്നിൽ കണ്ടുകൊണ്ടാണ് ഓരോ നിയമങ്ങളും രൂപകൽപ്പന ചെയ്യുന്നത്.

ഒരു ഉത്തരവാദിത്തബോധമുള്ള പൗരൻ എന്ന നിലയിൽ നാം ഈ നിയമങ്ങൾ പാലിക്കുക എന്ന ധർമ്മം മാത്രമേ ഈ ഘട്ടത്തിൽ ചെയ്യേണ്ടതായിട്ടുള്ളു. ലഭിച്ചിരിക്കുന്ന ഈ സമയം നമുക്ക് മദ്യപിച്ചും, കൂട്ടുകൂടിയും, അഹങ്കാരം കാണിച്ചും നടക്കുവാനുള്ളതല്ല, മറിച്ച് ഒരു മഹാവ്യാധിയുടെ വേരറുക്കാനുള്ള കരുതൽ സമയമായി കണ്ടുകൊണ്ട് അച്ചടക്കം പാലിച്ച് സമൂഹവ്യാപനം എന്ന വിപത്തിലേയ്ക്ക് ഈ രോഗത്തെ എത്തിക്കാതെ നോക്കേണ്ടത് നമ്മൾ ഒരുരുത്തരുടേയും കടമയാണ്. നാളെ തല ഉയർത്തി സമൂഹത്തിൽ നില്ക്കണമെങ്കിൽ നാം കുറച്ച് കൂടി അടക്കം പാലിച്ച് സമൂഹത്തിലെ ഒരു കണ്ണിയായി മാറേണ്ടതുണ്ട്.

കൃത്യമായ വ്യക്തിയകലം പാലിക്കുക, യാത്രകൾ പരിപൂർണ്ണമായും ഒഴിവാക്കുക എന്നതിലൂടെയല്ലാതെ നമുക്ക് ഈ ഘട്ടത്തിൽ ഈ മഹാവ്യാധിയെ നിയന്ത്രിക്കാൻ മറ്റു മാർഗ്ഗങ്ങളില്ല. നമുക്ക് ഓരോരുത്തർക്കും പല എതിരഭിപ്രായങ്ങളും ഉണ്ടാകാം, പക്ഷെ അതൊന്നും ഈ സന്ദർഭത്തിൽ ആലോചിച്ചു മനസ്സിനെ സങ്കർഷഭരിതമാക്കേണ്ടതില്ല. നാം ചിന്തിക്കുന്നിടത്ത് കൈയ്യെത്തി പ്രവർത്തിക്കാനുള്ള ഭരണ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്, അതിൽ വിശ്വാസമർപ്പിച്ച് അവർക്ക് കൂട്ടായി മനസ്സുകൊണ്ട് ഒപ്പം നിൽക്കേണ്ട സമയമാണിത്. അതിനായി നമ്മുക്കടുത്തറിയുന്നവരോട് “വീട്ടിൽ തുടരുക” എന്ന ഈ വ്യവസ്ഥയെ അനുസരിച്ച് ഒരുമയോടെ നിയമസംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമെന്ന് പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും വിഷയങ്ങളെ എല്ലാം വൈകാരികമായി കൈകാര്യം ചെയ്യുന്ന നമുക്ക് ഈ സമയത്ത് പ്രായോഗികമായി ചിന്തിച്ച് ഈ പ്രതിരോധയജ്ഞത്തിൽ പങ്കാളികളാകാം, ഈ പ്രതിസന്ധിയെ മറികടക്കാം.

യാത്രകൾ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം… ശാരീരികാകലം പാലിക്കുക… ശുചിത്വം പരമപ്രധാനമായി കരുതി വൃത്തിയോടെ സഹകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *