ഇന്ന് ഏപ്രിൽ 18, ലോക പൈതൃക ദിനം. സംസ്കാരവും, പൈതൃകവും ഏതൊരു നാടിന്റെയും കെട്ടുറപ്പിന്റെ കാതലാണ്. പലപ്പോഴും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക തിരക്കുകളിൽ ഇത്തരം ദിനങ്ങൾക്കൊന്നും വലിയ പ്രാധാന്യം കല്പിക്കാറില്ലെങ്കിലും, നാം കടന്നു വന്ന വഴികളിലെ ശേഷിച്ച നാഴിക കല്ലുകളാണ് ഇന്ന് നിലനിൽക്കുന്ന നമ്മുടെ പൈതൃക അടയാളങ്ങൾ പലതും.
എന്തിനും ഓർമ്മപ്പെടുത്തൽ ആവശ്യമുള്ള ഇന്നത്തെ കാലത്ത്, വളരെ പെട്ടന്ന് മറന്നുപോകാനിടയുണ്ടെന്ന് കരുതിയായിരിക്കണം, 1982-ൽ ഇന്റർനാഷണൽ കൗൺസിൽ ഫോർ മോണുമെന്റ്സ് ആൻഡ് സൈറ്റ്സ് ഏപ്രിൽ 18-ന് ഒരു അന്താരാഷ്ട്ര സിമ്പോസിയം സങ്കടിപ്പിക്കുകയും തുടർന്ന് ഇതിനായി ഒരു ദിവസം അന്താരാഷ്‌ട്ര തലത്തിൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ശുപാർശ ചെയ്യുകയും ചെയ്തത്. ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വയ്ക്കുന്ന അനിവാര്യത കണക്കിലെടുത്തുകൊണ്ട് 1983 നവംബറിൽ ചേർന്ന 22 -മത് ഐക്യരാഷ്ട്രസഭ യോഗത്തിൽ UNESCO ഏപ്രിൽ 18-ന് ലോകവ്യാപകമായി ഇന്റർനാഷണൽ ഡേ ഫോർ മോണുമെന്റ്സ് ആൻഡ് സൈറ്റ്സ് ആയി പ്രഖ്യാപിച്ചു. പിന്നീടത് ലോക പൈതൃക ദിനം എന്നും അറിയപ്പെട്ടു.
പുതിയ കാഴ്ചകൾ ഓർമ്മയിൽ സ്ഥാനംപിടിക്കുമ്പോൾ, മറവി ബാധിക്കുന്ന നാം ഇത്തരം പൈതൃക പ്രാധാന്യമുള്ള സംസ്കൃതികളെയും വിസ്മരിക്കുന്നു. ലോകത്ത് നിലവിലുള്ള ചരിത്ര പ്രാധാന്യമുള്ള പൈതൃക ശേഷിപ്പുകളേ പരിപാലിക്കാനും, നാം കടന്നു വന്ന ഭൂമിയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നു നമ്മെ വർഷാവർഷം ഓർമ്മിപ്പിക്കാനും ആണ് ഇങ്ങിനെ ഒരു ദിനം പ്രഖ്യാപിച്ചത് എന്ന് കരുതാം. ലോകത്താകമാനം 1121 പൈതൃക പ്രതീകങ്ങളാണ് നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ പട്ടികയിൽ ഉള്ളത്.
അവയിൽ ചരിത്ര നീക്കിയിരിപ്പുകളായ ആഗ്ര കോട്ടയും, അജന്ത-എല്ലോറ ഗുഹയും, കൊണാർക്കിലെ സൂര്യ ക്ഷേത്രവും, ഖുത്തബ് മിനാറും, റെഡ് ഫോർട്ട് ഉൾപ്പടെ 38 പൈതൃക അടയാളങ്ങൾ നമ്മുടെ രാജ്യത്തു നിന്നും ഉൾപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഇടം നേടാൻ നമ്മുടെ സംസ്ഥാനത്തു നിന്ന് മട്ടാഞ്ചേരി കൊട്ടാരത്തിന്റെ പേരും പരിഗണനയ്‌ക്കായി UNESCO-യുടെ മുന്നിലുണ്ട്. യു എ ഇ യിൽ നിന്നും അലൈനിലെ ജബൽ ഹഫിത്, ഒയാസിസ്, ഹിലി ഫോർട്ട് , ബിദാ ബിൻത് സൗദ് എന്നിവയും ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പൈതൃകങ്ങളോട് പുച്ഛവും സംസ്കാരത്തോട് അയിത്തവും കല്പ്പിക്കുന്ന പുത്തൻ തലമുറയ്ക്ക് മുന്നിൽ ഈ വർഷം, “പരസ്പ്പരം പങ്കിടേണ്ടുന്ന സംസ്കാരങ്ങളും, പൈതൃകവും, അതിരുകളില്ലാത്ത ഉത്തരവാദിത്വവും” എന്ന ചിന്തയാണ് ലോക പൈതൃക ദിനം മുന്നോട്ട് വയ്ക്കുന്നത്. ചരിത്ര നിന്ദയെന്നാൽ ആത്മനിന്ദ തന്നെയെന്നു നാം ഈ വേളയിൽ ഓർക്കുന്നത് നന്ന്.