യു എ ഇയിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച

UAE

2021 മെയ് 11 (റമദാൻ 29), ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വ്​ർ മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും. ഒമാനില്‍ ചെറിയ പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നാളെ ഉണ്ടാകും.

മെയ് 11-ന് രാത്രിയാണ് യു എ ഇ ഇക്കാര്യം സ്ഥിരീകരിച്ചത്. മെയ് 12, ബുധനാഴ്ച്ച റമദാൻ 30 ആയിരിക്കും. ശവ്വാലിലെ ആദ്യ ദിനം, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും.

യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം ശവ്വാലിലെ ആദ്യ ദിനം, മെയ് 13-നായതിനാൽ മെയ് 15, ശനിയാഴ്ച്ച (ശവ്വാൽ 3) വരെ യു എ ഇയിൽ അവധിയായിരിക്കും.

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്ന അവസരത്തിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യു എ ഇ NCEMA നേരത്തെ അറിയിപ്പ് നൽകിയിരുന്നു. COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പെരുന്നാൾ വേളയിലും കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.