സൗദി അറേബ്യ: അടിയന്തിര മൂവ്മെന്റ് പെർമിറ്റുകൾക്കായി COVID-19 ആപ്പ് ഉപയോഗിക്കാം

Family & Lifestyle GCC News

സൗദി അറേബ്യയിൽ, കർഫ്യു വേളകളിൽ അടിയന്തിര ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കായി മൂവ്മെന്റ് പെർമിറ്റുകൾ നേടുന്നതിനായി സൗദിയുടെ ഔദ്യോഗിക COVID-19 ആപ്പ് ആയ ‘തവക്കൽന’ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി സഞ്ചരിക്കേണ്ടി വരുന്ന സൗദി പൗരന്മാർക്കും, നിവാസികൾക്കും, അധികൃതരുമായി മറ്റു മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടാതെ തന്നെ, ഈ സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് ‘എമർജൻസി മെഡിക്കൽ പെർമിറ്റുകൾ’ നേടാവുന്നതാണ്.

കർഫ്യു വേളകളിൽ ആപ്പിലൂടെ ലഭിക്കുന്ന ‘എമർജൻസി മെഡിക്കൽ പെർമിറ്റുകൾ’ ഒരു മണിക്കൂർ നേരത്തേക്കാണ് ഉപയോഗിക്കാനാകുക. അടിയന്തിരമായി ചികിത്സ ലഭിക്കേണ്ട രോഗികളുമായി വീടുകളിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് എളുപ്പത്തിൽ മൂവ്മെന്റ് പെർമിറ്റ് ലഭിക്കുന്നതിനായി ഈ സേവനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

സൗദിയിൽ ഉടനീളം ഈ സേവനം ലഭ്യമാണ്. ഇത്തരത്തിൽ ഒരു ദിവസമോ, ആഴ്ചയിലോ അപേക്ഷിക്കാവുന്ന എമർജൻസി മെഡിക്കൽ പെർമിറ്റുകൾക്ക് നിലവിൽ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും, സൗദി ഹെൽത്ത് കൗൺസിലും ചേർന്ന് തയ്യാറാക്കിയ ഈ ആപ്പ്, രാജ്യത്ത് കൊറോണ വൈറസ് രോഗ സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നതിനും, രോഗം പകരാവുന്ന ഇടങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾക്കും, രോഗവിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിനും ഉപയോഗിക്കുന്ന ഔദ്യോഗിക COVID-19 സ്മാർട്ട് ആപ് ആണ്.