ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേർഷ്യൽ യാത്രാവിമാനമായ A380 ആദ്യമായാണ് ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നത്.
2022 ഒക്ടോബർ 30 മുതൽ ദുബായ് – ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്നതിനുള്ള എമിറേറ്റ്സ് A380 വിമാനമാണ് ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെത്തിയത്. ഇതിന്റെ ഭാഗമായുള്ള EK562 എന്ന പ്രത്യേക വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഒക്ടോബർ 15-ന് രാവിലെ 10:00 മണിക്ക് (യു എ ഇ സമയം) പുറപ്പെട്ട ശേഷം പ്രാദേശിക സമയം വൈകീട്ട് 03:40-ന് ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ഒക്ടോബർ 30 മുതൽ താഴെ പറയുന്ന രണ്ട് സർവീസുകൾക്കാണ് ദുബായ് – ബാംഗ്ലൂർ റൂട്ടിൽ എമിറേറ്റ്സ് A380 വിമാനങ്ങൾ ഉപയോഗിക്കുന്നത്:
- ദുബായ് – ബാംഗ്ലൂർ: ദുബായിൽ നിന്ന് രാത്രി 9:2-ന് (യു എ ഇ സമയം) പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 2:30-ന് (ഇന്ത്യൻ സമയം) ബാംഗ്ലൂരിൽ എത്തിച്ചേരുന്നു.
- ബാംഗ്ലൂർ – ദുബായ്: ബാംഗ്ലൂരിൽ നിന്ന് പുലർച്ചെ 4:30-ന് (ഇന്ത്യൻ സമയം) പുറപ്പെട്ട് രാവിലെ 7:10-ന് (യു എ ഇ സമയം) ദുബായിൽ എത്തിച്ചേരുന്നു.
ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നു.
ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്. നിലവിൽ ദുബായ് – മുംബൈ റൂട്ടിൽ എമിറേറ്റ്സ് A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.