2021 ഒക്ടോബർ 13, 14 തീയതികളിൽ എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങൾക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. വളരെ താഴ്ന്ന ഉയരത്തിൽ പറക്കുന്ന രീതിയിലുള്ള ഫ്ലൈപാസ്റ്റാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുള്ളത്.
എമിറേറ്റ്സിന്റെ എക്സ്പോ 2020 ദുബായ് പ്രമേയമാക്കി അലങ്കരിച്ചിട്ടുള്ള A380 വിമാനമാണ് ഈ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുന്നത്. ഈ രണ്ട് ദിവസങ്ങളിലും എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും, പരിസരപ്രദേശങ്ങളിലും വിവിധ സ്ഥലങ്ങളിൽ രാവിലെ 5 മുതൽ 8 വരെ (പ്രാദേശിക സമയം) ഈ വിമാനം കണ്ടെത്താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. എമിറേറ്റ്സ് അടുത്ത് തന്നെ വെളിപ്പെടുത്താനിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഫ്ലൈപാസ്റ്റുകൾ സംഘടിപ്പിക്കുന്നത്.
ഫ്ലൈപാസ്റ്റ് നടത്തുന്ന ഈ പ്രത്യേക A380വിമാനത്തിന്റെ ദൃശ്യങ്ങൾ (ഫോട്ടോകളും വീഡിയോകളും) പകർത്തുന്നതിന് പൊതുജനങ്ങൾക്ക് എമിറേറ്റ്സ് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഫ്ലൈപാസ്റ്റ് നടത്തുന്ന ഈ വിമാനത്തിന് അപകട സാധ്യതയുണ്ടാക്കുന്ന രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കരുതെന്നും, ഡ്രോണുകൾ ഉൾപ്പടെയുള്ള ആളില്ലാ വിമാനങ്ങൾക്ക് GCAA ഏർപ്പെടുത്തിയിട്ടുള്ള ‘നോ ഫ്ലൈ സോണുകൾ’ സംബന്ധിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും എമിറേറ്റ്സ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
WAM