ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ-ദുബായ് വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചത്.
“ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, നടപടിക്രമങ്ങളും സർക്കാരിൽ നിന്ന് ലഭിക്കുന്നതിന് ഞങ്ങൾ കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. യാത്രാ നിബന്ധനകൾ, മാനദണ്ഡങ്ങൾ എന്നിവയിൽ വരുന്ന മാറ്റങ്ങൾ ഉടൻ തന്നെ ഞങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്.”, യാത്രികർക്കുള്ള മറുപടിയായി ജൂലൈ 27-ന് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിൽ കുറിച്ചു.
നിലവിൽ ജൂലൈ 7 മുതൽ വിമാനടിക്കറ്റുകൾ ലഭ്യമാണെന്നാണ് എമിറേറ്റ്സ് വെബ്‌സൈറ്റിൽ കാണുന്നത്. 2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് ജൂൺ 19-ന് രാത്രി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, ജൂൺ 23 മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടർന്നാണ് എമിറേറ്റ്സ് ഈ അറിയിപ്പ് നൽകിയത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് 4 മണിക്കൂർ മുൻപ് എടുക്കേണ്ട റാപ്പിഡ് PCR ടെസ്റ്റ് മുതലായ നിബന്ധനകളിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുളള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്ക് 2021 ജൂലൈ 21 വരെ നീട്ടിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനം അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.