ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്സ് വിമാന സർവീസുകൾ പ്രഖ്യാപിച്ചു

GCC News

നാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഈ കാലയളവിൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ബെംഗളൂരു, ഡൽഹി, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് ജൂലൈ 12 മുതൽ 26 വരെ എമിറേറ്റ്സ് പ്രത്യേക സർവീസുകൾ നടത്തുന്നത്. മുംബൈയിലേക്ക് ദിനംപ്രതി മൂന്ന് സർവീസുകളും, ബെംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിനവും 2 സർവീസുകൾ വീതവും, തിരുവനന്തപുരത്തേക്ക് ദിനവും ഒരു സർവീസുമാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ബെംഗളൂരു, മുംബൈ വിമാനങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ നൽകുന്ന അനുമതികൾക്കനുസരിച്ച് മാറ്റങ്ങൾ വരാവുന്നതാണ്.

https://www.emirates.com/in/english/ എന്ന വിലാസത്തിൽ ഓൺലൈനിലൂടെയും, ട്രാവൽ ഏജൻസികൾ മുഖേനെയും ടിക്കറ്റുകൾ എടുക്കാവുന്നതാണ്. നിലവിൽ യു എ ഇയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ യാത്രാനുമതിയുള്ളത്. യു എ ഇ പൗരന്മാർക്കും, റെസിഡൻസി വിസക്കാർക്കും ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനായി, GDFRA / ICA എന്നീ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നേടേണ്ടതാണ്.

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ഈ പ്രത്യേക വിമാനങ്ങൾ, തിരികെ യു എ ഇയിലേക്കുള്ള മടക്ക യാത്രയിൽ, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെയും വഹിച്ച് കൊണ്ടായിരിക്കും സർവീസ് നടത്തുന്നത്. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ അനുവാദം ലഭിച്ചിട്ടുള്ള, റെസിഡൻസി വിസക്കാർക്കാണ് ഇപ്രകാരം ഈ വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ അനുവാദം ലഭിക്കുക. ഇന്ത്യയിൽ നിന്ന് തിരികെ മടങ്ങുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ ഭാരതീയ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നും ലഭിച്ച, കൊറോണ വൈറസ് രോഗബാധിതനല്ലാ എന്ന് തെളിയിക്കുന്ന, PCR പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും, തിരികെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ജൂലൈ 9-നു തീരുമാനം എടുത്തിരുന്നു.