കുവൈറ്റ്: പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

GCC News

കുവൈറ്റിലെ ഇന്ത്യൻ എംബസ്സി, അനധികൃത താമസക്കാരുടെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. നിലവിൽ കുവൈറ്റിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാർക്ക് പിഴതുകകളോ, മാറ്റ് ശിക്ഷകളോ കൂടാതെയും, കുവൈറ്റിലേക്ക് തിരികെ വരുന്നതിനു വിലക്കുകൾ കൂടാതെയും ഇന്ത്യയിലേക്ക് മടങ്ങുന്നതിനു പൊതുമാപ്പിലൂടെ അവസരം ലഭിക്കുന്നു.

ഇത്തരത്തിൽ കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനായി രെജിസ്റ്റർ ചെയ്യുന്നതിനു ഇന്ത്യാക്കാർക്ക് ഏപ്രിൽ 16 മുതൽ ഏപ്രിൽ 20 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകീട്ട് 2 വരെ താഴെ പറയുന്ന കേന്ദ്രങ്ങളിലാണ് പൊതുമാപ്പ് രെജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമാകുക.

  • പുരുഷന്മാർ: ഫർവാനിയ ഗവർണറേറ്റിലെ ബ്ലോക്ക് 1, സ്ട്രീറ്റ് 76-ൽ ഉള്ള ഫർവാനിയ പ്രൈമറി ഗേൾസ് സ്‌കൂൾ, അബ്ബാസിയയിൽ ബ്ലോക്ക് 4-ൽ സ്ട്രീറ്റ് 250-ൽ ഉള്ള നയീം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ.
  • സ്ത്രീകൾ: ഫർവാനിയ ഗവർണറേറ്റിലെ ബ്ലോക്ക് 1, സ്ട്രീറ്റ് 122-ൽ ഉള്ള അൽ മുതന്ന പ്രൈമറി ബോയ്സ് സ്‌കൂൾ, അബ്ബാസിയയിൽ ബ്ലോക്ക് 4-ൽ സ്ട്രീറ്റ് 200-ൽ ഉള്ള റുഫൈദ അൽ അസ്ലമിയ ഗേൾസ് പ്രൈമറി സ്‌കൂൾ.

പൊതുമാപ്പുമായി ബന്ധപ്പെട്ട മറ്റ് നിർദ്ദേശങ്ങൾ:

  • കാലാവധിയുള്ള പാസ്പോർട്ടുള്ളവർ ലഗേജുമായി മുകളിൽ പറഞ്ഞ കേന്ദ്രങ്ങളിൽ എത്തുക. യാത്രാ ദിവസം വരെ താമസിക്കുന്നതിനുള്ള സൗകര്യം കുവൈറ്റ് ഗവർമെന്റ് ഏർപ്പാടാക്കുന്നതാണ്.
  • പാസ്പോർട്ട്, സിവിൽ ഐഡി, ഔട്ട് പാസ് മുതലായ ഒരു രേഖകളും ഇല്ലാത്തവർ (പുരുഷന്മാരും, സ്ത്രീകളും) അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫിംഗർ പ്രിന്റ് സ്കാൻ ചെയ്യുന്നതിനും (യാത്രാ വിലക്കിനല്ല) ഫർവാനിയ ഗവർണറേറ്റിലെ ബ്ലോക്ക് 1, സ്ട്രീറ്റ് 76-ൽ ഉള്ള ഫർവാനിയ പ്രൈമറി ഗേൾസ് സ്‌കൂളിൽ എത്തിച്ചേരേണ്ടതാണ്. ഇവരെ ഇപ്പോൾ കുവൈറ്റ് ഗവർമെന്റിന്റെ താമസസ്ഥലങ്ങളിലേക്ക് മാറ്റുന്നതല്ല. അതിനാൽ ഇവർ ലഗേജ് കൊണ്ടുവരേണ്ടതില്ല. അഡ്രസ് പ്രൂഫ് ആയി നൽകാവുന്ന എന്തെങ്കിലും രേഖകൾ കൈവശം ഉണ്ടെങ്കിൽ (സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ) അവ കയ്യിൽ കരുതുക.
  • എംബസ്സി വഴിയോ, എംബസ്സിയുടെ വളണ്ടിയർമാർ വഴിയോ ഔട്പാസിനു അപേക്ഷ നൽകിയവർ മുകളിൽ പറഞ്ഞ കേന്ദ്രങ്ങളിലോ എംബസിയിലോ പോകേണ്ടതില്ല. ഔട്പാസ് തയ്യാറാകുന്ന പക്ഷം അവരെ എംബസ്സിയിൽ നിന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.