അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി. 2024 ഫെബ്രുവരി 16-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനായി പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക് ലൈറ്റുകളിലെ കാൽനടക്കാർക്കുള്ള സിഗ്‌നലുകൾ കൃത്യമായി പാലിക്കേണ്ടതാണ്.

കാൽനടക്കാർ റോഡുകളിൽ ഇങ്ങിനെ അശ്രദ്ധമായി പെരുമാറുന്നത് അവരുടെയും, മറ്റുള്ളവരുടെയും ജീവനു ഭീഷണിയുണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾ ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കാൽനടക്കാരെ വാഹനമിടിക്കുന്നതിന്റെ ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അബുദാബിയിൽ ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണ്. രാജ്യത്തെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരമാണ് ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്.