2021 ഒക്ടോബറോടെ 120-ൽ പരം നഗരങ്ങളിലേക്കുള്ള വിമാനയാത്രകളുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് IATA ട്രാവൽ പാസ് നടപ്പിലാക്കും

GCC News

ആറ് വൻകരകളിലെയും നഗരങ്ങളിലേക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസ് ആദ്യമായി നടപ്പിലാക്കിയ ആദ്യ എയർലൈനായി എമിറേറ്റ്സ് മാറിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിൽ നിന്നുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ 2021 ഏപ്രിൽ മുതൽ എമിറേറ്റ്സ് IATA ട്രാവൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.

ഈ പരീക്ഷണം വിജയം കണ്ടതോടെ ജൂൺ മാസത്തോടെ എമിറേറ്റ്സ് ഈ സേവനം പന്ത്രണ്ട് വ്യോമറൂട്ടുകളിലേക്ക് വിപുലീകരിച്ചിരുന്നു. നിലവിൽ ലോകമെമ്പാടുമുള്ള അമ്പത് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സ് IATA ട്രാവൽ പാസ് സേവനം നൽകുന്നുണ്ട്.

താമസിയാതെ ആഗോളതലത്തിലെ എമിറേറ്റ്സിന്റെ മുഴുവൻ റൂട്ടുകളിലും ഈ സേവനം നടപ്പിലാക്കുന്നതിനുള്ള കരാറിൽ എമിറേറ്റ്സ് IATA-യുമായി ചേർന്ന് ഒപ്പ് വെച്ചിട്ടുണ്ട്. ഈ സേവനം 120-ൽ പരം നഗരങ്ങളിലേക്കുള്ള സർവീസുകളിലേക്ക് വിപുലീകരിക്കുന്ന പ്രവർത്തനം 2021 ഒക്ടോബറോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രികർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് IATA ട്രാവൽ പാസ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ എമിറേറ്റ്സ് നടപ്പിലാക്കുന്നതെന്ന് സി ഇ ഓ ആദിൽ അൽ റെധാ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സ്പർശനരഹിതമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, എയർപോർട്ടിലെ ജീവനക്കാർക്ക് IATA ട്രാവൽ പാസ് ഉപയോഗിച്ച് കൊണ്ട് യാത്രികരുടെ രേഖകൾ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കുന്നതാണ്. https://www.emirates.com/lb/english/experience/contactless-journey/ എന്ന വിലാസത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഓരോ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും ആ രാജ്യത്ത് പ്രാബല്യത്തിലുള്ള COVID-19 മാനദണ്ഡങ്ങൾ, ടെസ്റ്റിംഗ് നടപടികൾ, വാക്സിനേഷൻ നിയമങ്ങൾ എന്നിവ കൃത്യമായി അറിയുന്നതിന് IATA ട്രാവൽ പാസിലൂടെ എളുപ്പത്തിൽ സാധിക്കുന്നതാണ്. ഓരോ രാജ്യത്തും അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും, വ്യക്തികൾക്ക് തങ്ങളുടെ വാക്സിനേഷൻ രേഖകൾ, ടെസ്റ്റിംഗ് റിസൾട്ടുകൾ മുതലായവ ഡിജിറ്റൽ രൂപത്തിൽ ആധികാരികതയോടെ സൂക്ഷിക്കുന്നതിനും, ഇത്തരം രേഖകൾ പരിശോധനകൾക്കായി ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്.

അന്താരാഷ്ട്ര വിമാന യാത്രികർക്ക് തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് എളുപ്പത്തിൽ തെളിയിക്കുന്നതിനും, വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാധകമാകുന്ന COVID-19 മാനദണ്ഡങ്ങൾ അറിയുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്. അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഏകോപനത്തോടെ ഉപയോഗിക്കുന്നതിനും, അന്താരാഷ്ട്ര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

2021 സെപ്റ്റംബർ 30 മുതൽ വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് IATA ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു.