ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാകുന്ന നിയമങ്ങൾ സംബന്ധിച്ച അറിയിപ്പിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2022 ജനുവരി 4-ന് പുറത്തിറക്കിയിട്ടുള്ള ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.
- ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരല്ലാത്ത യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് GDRFA, ICA മുൻകൂർ അനുമതി കൂടാതെ ദുബായിലേക്ക് പ്രവേശിക്കാവുന്നതാണ്. ടൂറിസ്റ്റ് വിസകളിലുള്ളവർക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് https://www.emirates.com/in/english/help/covid-19/dubai-travel-requirements/tourists/ എന്ന വിലാസത്തിൽ എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
- ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് പ്രവേശിക്കുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് GDRFA, ICA മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് പുറത്തിറക്കിയിട്ടുള്ള ഏറ്റവും പുതിയ യാത്രാ നിബന്ധനകളിൽ വ്യക്തമാക്കുന്നു. പുതിയ റെസിഡൻസി, തൊഴിൽ വിസകളിലുള്ളവർ, ഷോർട്ട് സ്റ്റേ, ലോങ്ങ് സ്റ്റേ വിസകളിലുള്ളവർ, 10 വർഷത്തെ ഗോൾഡൻ വിസകളിലുള്ളവർ, വിസിറ്റ് വിസകളിലുള്ളവർ, ഇൻവെസ്റ്റർ, പാർട്ണർ വിസകളിലുള്ളവർ, വിസ ഓൺ അറൈവൽ അർഹതയുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല.
- ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നേടിയ (പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച സമയം മുതൽ) COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഈ രേഖയുടെ സാധുത തെളിയിക്കുന്നതിനുള്ള QR കോഡ് ഇത്തരം സർട്ടിഫിക്കറ്റിൽ നിർബന്ധമാണ്. ഇത്തരം രേഖകൾ അംഗീകൃത ലാബുകളിൽ നിന്നുള്ളവയായിരിക്കണം.
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് നേടിയ റാപിഡ് PCR പരിശോധനാ ഫലം (QR കോഡ് നിർബന്ധം) ഹാജരാക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് ഹാജരാക്കേണ്ടത്.