സൗദിയിൽ തിരികെയെത്താത്ത എക്സിറ്റ് റീ-എൻട്രി വിസകളിലുള്ളവർക്ക് 3 വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ജവാസത്

GCC News

സൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ, അവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ, സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് (ജവാസത്) ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സിറ്റ് റീ-എൻട്രി വിസകളിൽ സൗദിയിൽ നിന്ന് തിരികെ മടങ്ങിയിട്ടുള്ള പ്രവാസികൾ നിശ്ചിത കാലാവധിയ്ക്കുള്ളിൽ സൗദിയിലേക്ക് തിരികെ പ്രവേശിച്ചിക്കാത്ത സാഹചര്യത്തിൽ,അത്തരം പ്രവാസികളുടെ വിസ കാലാവധി അവസാനിച്ച് 2 മാസത്തിന് ശേഷം അവരുടെ രേഖകളിൽ ‘എക്സിറ്റഡ് ആൻഡ് ഡിഡ് നോട്ട് റിട്ടേൺ’ എന്ന അടയാളം രേഖപ്പെടുത്തുമെന്നും ജവാസത് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ തിരികെ മടങ്ങിയെത്താത്തവരുടെ പ്രവേശന വിലക്ക് കാലാവധി വിസ കാലാവധി അവസാനിക്കുന്ന തീയതി മുതൽ ആരംഭിക്കുന്നതാണ്. ആശ്രിത വിസകളിലുള്ളവർക്ക് ഈ വിലക്ക് ബാധകമല്ല.

ഇത് സംബന്ധിച്ച സൂചനകൾ ജവാസത് 2021 സെപ്റ്റംബറിൽ നൽകിയിരുന്നു.