ലോക പരിസ്ഥിതി ദിനം: രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പുകൾക്കപ്പുറം തലമുറകളുടെ വിജയത്തിലേക്ക് നോക്കിക്കാണണമെന്ന് UNEP

International News

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു. സ്റ്റോക്ക്ഹോം+50 അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ സമാപനത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നേരിട്ടും, ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയും ഈ ദിനം ആചരിച്ചു.

ലോക പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി 150-ലധികം രാജ്യങ്ങൾ പരിസ്ഥിതി പ്രമേയ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു. പ്രകൃതി ലോകത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ചയെ നേരിടാനുള്ള ആഗോള ശ്രമത്തെ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“നമ്മൾ ഒട്ടും സമയമില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്, കഴിയുന്നത്ര വേഗത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.”, യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻഗെർ ആൻഡേഴ്സൺ പറഞ്ഞു. “ഉഷ്ണതരംഗങ്ങൾ, വരൾച്ചകൾ, വെള്ളപ്പൊക്കം, കാട്ടുതീ, പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, പ്ലാസ്റ്റിക് നിറഞ്ഞ സമുദ്രങ്ങൾ എന്നിവ നിറഞ്ഞ ഒരു ഭാവിയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രവർത്തനം എന്നത്തേക്കാളും പ്രധാനമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.”, അവർ കൂട്ടിച്ചേർത്തു.

1972-ൽ സ്വീഡിഷ് തലസ്ഥാനത്ത് നടന്ന യുഎൻ സമ്മേളനത്തിലാണ് ലോക പരിസ്ഥിതി ദിനം പിറന്നതെന്ന് ആൻഡേഴ്സൺ ഓർമ്മിപ്പിച്ചു, “നമ്മളെല്ലാവരും ആശ്രയിക്കുന്ന വായുവും ഭൂമിയും വെള്ളവും സംരക്ഷിക്കാൻ നാം നിലകൊള്ളേണ്ടതുണ്ട്. ജനങ്ങളുടെ കൂട്ടായ ശക്തി എന്നത് വളരെ പ്രധാനമാണ്. ഉത്തരവാദിത്തം നമ്മുടെ എല്ലാവരുടേതുമാണ്.”, അവർ ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയക്കാർക്ക് കേവലം തിരഞ്ഞെടുപ്പുകൾക്കപ്പുറം, തലമുറകളെ ഉൾപ്പെടുത്തിയുള്ള കൂട്ടായ വിജയങ്ങൾ കാണുന്നതിന് സാധിക്കേണ്ടതുണ്ടെന്ന് അവർ അവർ എടുത്തുപറഞ്ഞു. ധനകാര്യ സ്ഥാപനങ്ങൾ നമ്മുടെ ഭൂമിയെ പരിപാലിക്കുന്നതിനുള്ള ധനസഹായം നൽകണമെന്നും, വാണിജ്യപ്രവർത്തനങ്ങൾ പ്രകൃതിയെ കണക്കിലെടുത്ത് കൊണ്ടായിരിക്കണമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ 49 വർഷത്തിനിടയിൽ, മലിനീകരണം മുതൽ ഓസോൺ പാളിയിലെ ദ്വാരം, വനനശീകരണം വരെയുള്ള നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ലോക പരിസ്ഥിതി ദിനം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നമ്മുടെ ഭൂമി ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ മൂന്ന് വെല്ലുവിളികളായ മലിനീകരണം, മാലിന്യങ്ങൾ എന്നിവയുടെ വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി-ജൈവവൈവിധ്യ നഷ്ടം എന്നിവ അതിവേഗം നമ്മെ കീഴടക്കുന്ന വളരെ നിർണ്ണായകമായ ഒരു സാഹചര്യത്തിലാണ് നാം ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.

കാലാവസ്ഥാ പ്രതിസന്ധി നേരത്തെ കരുതിയിരുന്നതിലും വേഗത്തിൽ ത്വരിതഗതിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ സമീപകാല റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതാപനം വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കവിയാൻ 50 ശതമാനം സാധ്യതയുള്ളതായും, ഇതോടൊപ്പം അതിവേഗം വ്യാപകമാകുന്ന ജൈവവൈവിധ്യ നാശം (ഏതാണ്ട് 1 ദശലക്ഷം ജീവജാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു), വ്യാപകമായ മലിനീകരണം എന്നിവ മനുഷ്യരാശിയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ മുന്നിൽ വ്യക്തമായും, ദിനംപ്രതിയും ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന അപായമണികളെ ഇനി അവഗണിക്കാനാവില്ലെന്നും, പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും, പ്രകൃതിയോട് ചേർന്ന് കൊണ്ടുള്ള ജീവിതരീതി പിന്തുടരുകയുമാണ് നമ്മുക്ക് മുന്നിലുള്ള ഏക പോംവഴി എന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു ഭൂമി മാത്രം” എന്നതാണ് സ്വീഡൻ ആതിഥേയത്വം വഹിക്കുന്ന, ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം മുന്നോട്ട് വെക്കുന്ന ആശയം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഗ്രഹത്തിന്റെ ദുർബലതയെ ഉയർത്തിക്കാട്ടുന്നതിനൊപ്പം, ഭൂമി മനുഷ്യരാശിയുടെ ഏക ഭവനമാണെന്ന ആശയം ലോകത്തിന് മുൻപിൽ എടുത്ത് കാട്ടുന്നു. UNEP, ലോക പരിസ്ഥിതി ദിനം എന്നിവയുടെ നിർമ്മാണത്തിലേക്ക് നയിച്ച സുപ്രധാന ഉച്ചകോടിയായ 1972-ലെ മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് കോൺഫറൻസിനെ ഈ ആശയം ഓർമ്മപ്പെടുത്തുന്നു.

WAM