കൊറോണാ വൈറസ് – 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് IMF

International News

ലോകത്തിന്റെ പലയിടങ്ങളിലേക്കും പടർന്ന കൊറോണാ വൈറസ് ബാധ 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് അന്താരാഷ്ട്ര നാണയനിധി (International Monetary Fund – IMF) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ (Kristalina Georgieva) ദുബായിൽ ആശങ്ക പ്രകടിപ്പിച്ചു. ദുബായിൽ വെച്ച് നടക്കുന്ന 2020-ലെ ആഗോള വനിതാ ഉച്ചകോടിയിൽ പങ്കെടുത്തു ഫെബ്രുവരി 16-നു സംസാരിക്കുമ്പോളായിരുന്നു ചൈനയിൽ നിന്നുള്ള സ്ഥിതിഗതികൾ ലോക വാണിജ്യ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെ കുറിച്ച് അവർ ചിന്തകൾ പങ്കുവെച്ചത്.

സാമ്പത്തികരംഗത്ത് ആഗോള തലത്തിൽ COVID-19 ഉണ്ടാക്കാവുന്ന മാന്ദ്യം അധികം നീണ്ടുനിൽക്കില്ലെന്നും അതിവേഗത്തിലുള്ള സാമ്പത്തിക കുതിപ്പ്‌ ഇതിനെ തുടർന്ന് ഉണ്ടാകുമെന്നും അവർ പ്രത്യാശ രേഖപ്പെടുത്തി. ആഗോള സാമ്പത്തികരംഗത്ത് വലിയ പങ്കുകൾ വഹിക്കുന്ന ചൈനയെ പോലെയുള്ള ഒരു സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എതൊരു കാര്യവും ലോകം മുഴുവൻ ശക്തിയായ സ്വാധീനിക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ വൈറസ് ബാധ തടയുന്നതിനായി ചൈന സ്വീകരിച്ചിട്ടുള്ള നടപടികളിൽ അവർ ആത്മവിശ്വാസം രേഖപ്പെടുത്തി. ഈ സാംക്രമിക രോഗത്തെത്തുടർന്ന് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് ഉണ്ടായിട്ടുള്ള തളർച്ച മാറ്റ് മേഖലകളിളേക്കും വ്യാപിക്കുന്നതിനു മുന്നേ തന്നെ ഈ അവസ്ഥയിൽ നിന്ന് ആഗോള സാമ്പത്തിക രംഗത്തിനു കരകയറാനാകും എന്ന് അവർ പ്രത്യാശപ്പെട്ടു. എത്രയും വേഗം COVID-19-ന്റെ വ്യാപനം നിയന്ത്രണ വിധേയമാകുന്നു എന്നതിനെ അനുസരിച്ചായിരിക്കും സാമ്പത്തിക രംഗത്തെ ആഘാതത്തിന്റെ തോത് അനുഭവപ്പെടുക എന്നും അവർ കൂട്ടിച്ചേർത്തു.