യു എ ഇ: സൗദിയിലേക്കുള്ള ഇത്തിഹാദ്, എമിറേറ്റ്സ് സർവീസുകൾ സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കും

GCC News

അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു. സെപ്റ്റംബർ 11 മുതൽ ദുബായിൽ നിന്ന് വിവിധ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുവദിച്ച പശ്ചാത്തലത്തിലാണ് യു എ ഇയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികൾ അറിയിപ്പ് നൽകിയത്.

അബുദാബിയിൽ നിന്ന് ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചിട്ടുണ്ട്. സൗദി പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ, സൗദി റെസിഡൻസി വിസകളിലുള്ളവർ, യു എ ഇ പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് യാത്രാനുമതിയുണ്ടെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. സൗദിയിൽ നിന്ന് അബുദാബിയിലേക്കെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

സെപ്റ്റംബർ 11 മുതൽ ദുബായിൽ നിന്ന് സൗദിയിലേക്ക് പ്രതിവാരം 24 സർവീസുകൾ നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ദുബായിൽ നിന്ന് പ്രതിദിന വിമാനസർവീസുകളും, മക്കയിലേക്ക് ആഴ്ച്ചയിൽ മൂന്ന് സർവീസുകളുമാണ് എമിറേറ്റ്സ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ റിയാദിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ഉയർത്തുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.