സൗദി അറേബ്യ: ഏപ്രിൽ 13 മുതൽ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം

featured GCC News

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 13, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. 2026 ഏപ്രിൽ 12-ന് രാത്രിയാണ് സൗദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026 ഏപ്രിൽ 13 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്. ഇത്തരം പെർമിറ്റുകളില്ലാത്ത പ്രവാസികളെ മക്കയിലേക്കുള്ള റോഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റി ചെക്ക്-പോയിന്റുകളിൽ നിന്ന് മടക്കി അയക്കുന്നതാണ്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള റെസിഡൻസി പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.