യു എ ഇ പ്രസിഡന്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

featured GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2026 ഏപ്രിൽ 12-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും യു എ ഇയുടെ തുടർച്ചയായ സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള തന്റെ ആശംസകളും ഡോ. ​​ജയശങ്കർ ഈ കൂടിക്കാഴ്ചയിൽ യു എ ഇ പ്രസിഡന്റിനെ അറിയിച്ചു. ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്ന യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയോട് തന്റെ ആശംസകൾ അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നിവയ്ക്ക് കീഴിലുള്ള സഹകരണത്തെക്കുറിച്ചും, ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾക്കും പരസ്പര താൽപ്പര്യങ്ങൾക്കും അനുസൃതമായി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇതുമൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സമുദ്ര സുരക്ഷ, ഊർജ്ജ വിതരണങ്ങൾ, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.

യു എ ഇയിലെയും മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും നിവാസികളെയും, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ ഈ യോഗം അഭിസംബോധന ചെയ്തു. ഈ ആക്രമണങ്ങൾ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി.

യു എ ഇയുടെ പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി യു എ ഇയോടുള്ള പൂർണ ഐക്യദാർഢ്യം യു എ ഇ പ്രസിഡന്റിനെ അറിയിച്ചു.

അബുദാബിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഏപ്രിൽ 11-ന് യു എ ഇയിലെത്തിയത്.

അദ്ദേഹം യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഏപ്രിൽ 11-ന് കൂടിക്കാഴ്ച നടത്തിയിരുന്നു.