വ്യാജ ഫോൺ കാളുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ, വ്യാജ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 11-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ എന്നിവരായി ചമഞ്ഞ് കൊണ്ട് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ വ്യക്തികളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

“വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക” എന്ന പേരിൽ ദുബായ് പോലീസ് നടത്തുന്ന ബോധവത്‌കരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്. തട്ടിപ്പുകാർ പുതിയ മാർഗ്ഗങ്ങളിലൂടെ എങ്ങിനെ വ്യക്തികളെ വഞ്ചിക്കുന്നുവെന്ന് ഈ ബോധവത്‌കരണ പരിപാടിയിലൂടെ പോലീസ് ചൂണ്ടിക്കാട്ടുന്നു.

തട്ടിപ്പുകാർ പലപ്പോഴും സർക്കാർ സ്ഥാപനങ്ങളുടെയോ ബാങ്കിംഗ് സ്ഥാപനങ്ങളുടെയോ പ്രതിനിധികളായി അഭിനയിച്ച് കൊണ്ട് വ്യക്തികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ അല്ലെങ്കിൽ ഒറ്റത്തവണ സ്ഥിരീകരണ കോഡുകൾ തുടങ്ങിയ സെൻസിറ്റീവ് വിശദാംശങ്ങൾ ചോർത്തിയെടുക്കുന്നതിന് ശ്രമിക്കുന്നു. ഇതിലൂടെ തട്ടിപ്പുകാർ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനും, വ്യക്തികളെക്കൊണ്ട് അടിയന്തര പണമിടപാടുകൾ നടത്താൻ നിർബന്ധിതരാക്കുന്നതിനും ശ്രമിക്കുന്നതായി പോലീസ് കൂട്ടിച്ചേർത്തു.

യു എ ഇയിലെ ഒരു നിയമാനുസൃത സ്ഥാപനവും ഫോണിലൂടെയോ എസ് എം എസ് വഴിയോ ഇത്തരം രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എത്ര യഥാർത്ഥമാണെന്ന് തോന്നിയാലും ഇത്തരം സംശയാസ്പദമായ അഭ്യർത്ഥനകൾ അവഗണിക്കാനും ജാഗ്രത പാലിക്കാനും പൊതുജനങ്ങളോട് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

പിഴ, നിയമപരമായ പ്രശ്നങ്ങൾ അല്ലെങ്കിൽ അക്കൗണ്ട് സസ്പെൻഷൻ എന്നിവ ഒഴിവാക്കാൻ ഉടനടി നടപടിയെടുക്കണമെന്ന് ഇരകളോട് തട്ടിപ്പുകാർ പലപ്പോഴും പറയാറുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സമ്മർദ്ദം ശരിയായ പരിശോധനകളില്ലാതെ സ്വകാര്യ വിവരങ്ങൾ പങ്കിടാൻ ആളുകളെ പ്രേരിപ്പിക്കുന്നതായി പോലീസ് കൂട്ടിച്ചേർത്തു. അത്തരം അവകാശവാദങ്ങളോട് പ്രതികരിക്കുന്നതിന് മുൻപായി ഔദ്യോഗിക മാർഗങ്ങൾ വഴി നേരിട്ട് ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ ദുബായ് പോലീസ് ഉപദേശിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ അലക്ഷ്യമായി പങ്ക് വെക്കരുത്.
  • സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. പരിചയമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
  • ശക്തമായ പാസ്സ്‌വേർഡുകൾ ശീലമാക്കുക. ടു-ഫാക്റ്റർ ഓതെന്റിക്കേഷൻ ഉപയോഗിക്കുക.

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് 901 എന്ന നമ്പറിൽ ഇക്രൈം സംവിധാനത്തിലൂടെയോ, ദുബായ് പോലീസ് സ്മാർട്ട് ആപ്പ്, വെബ്സൈറ്റ് എന്നിവയിലെ ‘പോലീസ് ഐ’ സംവിധാനത്തിലൂടെയോ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.