രാജ്യത്ത് ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ ഒമാൻ മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 21-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#تنبيه ‼️
— وزارة التجارة والصناعة وترويج الاستثمار – عُمان (@Tejarah_om) April 21, 2026
يُحظر تقديم الخدمات القانونية لغير المرخص لهم. pic.twitter.com/QDv7M05XEA
ഒമാനിൽ ഏതാനം സനദ് സെന്ററുകളും, ഡോക്യുമെന്റ് ഓഫീസുകളും നിയമ സേവനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്തെ ഏതാനം ലൈബ്രറികൾ, ഡോക്യുമെന്റ് കോപ്പി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, സനദ് സർവീസ് സെന്ററുകൾ, ട്രാൻസാക്ഷൻ ഫോളോ-അപ്പ് ഓഫീസുകൾ, സമാന സ്ഥാപനങ്ങൾ എന്നിവ ക്ലെയിം പ്രസ്താവനകളുടെയും നിയമപരമായ മെമ്മോറാണ്ടകളുടെയും കരട് തയ്യാറാക്കൽ, നിയമോപദേശം നൽകൽ, കരാറുകൾ തയ്യാറാക്കൽ, ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ അവയുടെ നോട്ടറൈസേഷൻ സുഗമമാക്കൽ, കമ്പനി സംയോജന നടപടിക്രമങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ നിയമപരമായ സ്വഭാവമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇത്തരം സേവനങ്ങൾ അഭിഭാഷക, നിയമ കൺസൾട്ടൻസി ജോലികളുടെ പരിധിയിൽ വരുന്നതാണെന്നും, ഒമാനിലെ അഭിഭാഷക, നിയമ കൺസൾട്ടൻസി നിയമം പുറപ്പെടുവിക്കുന്ന റോയൽ ഡിക്രി നമ്പർ 41/2024 അനുസരിച്ച്, ലൈസൻസുള്ള നിയമ സ്ഥാപനങ്ങൾക്കും, നീതിന്യായ, നിയമകാര്യ മന്ത്രാലയം അംഗീകരിച്ച നിയമ കൺസൾട്ടൻസി ഓഫീസുകൾക്കും മാത്രം നടത്താവുന്ന നിയന്ത്രിത തൊഴിലുകളാണ് ഇവയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ കൃത്യമായ ലൈസൻസില്ലാതെ ഇത്തരം നിയമ സേവനങ്ങൾ നൽകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത നിയമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് സ്ഥാപനങ്ങൾക്കും, സേവന ദാതാക്കൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Cover Image: Pixabay.

