രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) മൂന്ന് മാസത്തേക്ക് വീതം പുതുക്കുന്നതിനുള്ള സേവനം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് ഇത്തരം റെസിഡൻസി പെർമിറ്റുകളുടെ ഡിജിറ്റൽ കോപ്പി സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുന്നതാണ്.
വ്യക്തികൾക്കുള്ള അബ്‌ഷെർ അഫ്‌റാദ് സംവിധാനത്തിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പ്രവാസികൾക്ക് ഇഖാമ ഫീസ് മൂന്ന്, അല്ലെങ്കിൽ ആറ് മാസത്തെ കാലയളവിലേക്ക് അടയ്ക്കുന്നതിനുള്ള സംവിധാനം ഇതോടെ സൗദിയിൽ നിലവിൽ വന്നിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റിന്റെ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്ചിത കാലയളവിലേക്ക് പുതിയ ഇഖാമ ലഭിക്കുന്നതിനും, പുതുക്കുന്നതിനുമുള്ള ഫീസ് നൽകാവുന്നതാണ്.
ഇതിന് പുറമെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ്, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഇലക്ട്രോണിക് സേവനങ്ങളും ഈ സംവിധാനത്തിൽ ലഭ്യമാണ്. ഈ സംവിധാനം നവംബർ 3-ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് ഉദ്ഘാടനം ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശ്രിതരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതും, മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള സമ്മതം അറിയിക്കുന്നതും ഉൾപ്പടെയുള്ള സേവനങ്ങൾ ഈ സംവിധാനത്തിൽ ലഭ്യമാണ്.