പുതിയ വർക്ക്, ഫാമിലി വിസകളിലുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ്

featured GCC News

പുതിയ വർക്ക്, ഫാമിലി വിസകൾ ലഭിച്ചിട്ടുള്ള, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. 2021 ഏപ്രിൽ 8, വ്യാഴാഴ്ച്ച 12 PM മുതൽ, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ, ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന സുപ്രീം കമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ROP ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

ഏപ്രിൽ 7-ന് ROP പുറത്തിറക്കിയ അറിയിപ്പ് പ്രകാരം പുതിയ വർക്ക്, ഫാമിലി വിസകൾ അനുവദിച്ച് കിട്ടിയിട്ടുള്ള, എന്നാൽ ഈ വിസകൾ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കാത്ത പ്രവാസികൾക്കും ഏതാനം മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതാണെന്ന് വ്യക്തമാക്കുന്നു. ഒമാൻ സുപ്രീം കമ്മിറ്റി ഈ തീരുമാനം പ്രഖ്യാപിച്ച തീയ്യതിയായ ഏപ്രിൽ 5 2021 വരെ അനുവദിക്കപ്പെട്ടിട്ടുള്ള പുതിയ വർക്ക്, ഫാമിലി വിസകൾക്കാണ് ഇത്തരത്തിൽ ഒമാനിലേക്ക് പ്രവേശനം നൽകുന്നത്.

ഏപ്രിൽ 5 2021 വരെ അനുവദിക്കപ്പെട്ടിട്ടുള്ള പുതിയ വർക്ക്, ഫാമിലി വിസകളിലുള്ളവർക്ക് ഒമാനിൽ നിലവിലുള്ള മറ്റു യാത്രാ നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഈ അറിയിപ്പ് പ്രകാരം 2021 ഏപ്രിൽ 5-ന് ശേഷം അനുവദിച്ചിട്ടുള്ള പുതിയ വിസകൾക്ക് നിലവിലെ സാഹചര്യത്തിൽ ഒമാനിലേക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം നൽകുന്നതല്ല.

ഏപ്രിൽ 5 2021 വരെ അനുവദിക്കപ്പെട്ടിട്ടുള്ള പുതിയ റെസിഡൻസി വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഒരു പ്രത്യേക വിജ്ഞാപനം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഏപ്രിൽ 7-ന് വൈകീട്ട് പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് റമദാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒമാനിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്നവരുടെ മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.