സൗദി: റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

featured GCC News

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്കും, പ്രാർത്ഥനകൾക്കായി 100000 വിശ്വാസികൾക്കും ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

റമദാൻ മാസത്തിൽ ഉംറ അനുഷ്ഠിക്കുന്നതിനും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിനും ആവശ്യമായ പെർമിറ്റുകൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ മാത്രമാണ് ഇത്തരം ഔദ്യോഗിക പെർമിറ്റുകൾ ലഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾ വാഗ്ദാനം ചെയ്തു കൊണ്ട് സമീപിക്കുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താനും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2 ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ, പെർമിറ്റിന് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർ, പൂർണ്ണമായും COVID-19 രോഗമുക്തരായവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമാണ് റമദാനിലെ ആദ്യ ദിനം മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്. ഇത്തരം വിഭാഗങ്ങളിൽ പെടുന്നവർക്ക് തങ്ങളുടെ വാക്സിനേഷൻ, അല്ലെങ്കിൽ രോഗമുക്തി സംബന്ധമായ സ്റ്റാറ്റസ് ‘Tawakkalna’ ആപ്പിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

റമദാനിൽ ഗ്രാൻഡ് മോസ്കിലെത്തുന്നവരിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ഏതാനം സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്:

  • പള്ളികളിലുള്ള ഇഫ്‌താർ, സുഹുർ ടെന്റുകൾക്ക് അനുമതിയില്ല.
  • ഈദുൽ ഫിത്ർ പ്രാർത്ഥനകൾക്കായി പള്ളികളിൽ കൂടുതൽ ഇടങ്ങൾ അനുവദിക്കും.
  • തറാവീഹ് നമസ്കാരം സംബന്ധിച്ച അറിയിപ്പുകൾ പിന്നീട് നൽകുന്നതാണ്.
  • പള്ളികളിലെത്തുന്നവരും, പള്ളികളിലെ ജീവനക്കാരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതാണ്.