സൗദി: ഉംറ തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

GCC News

ഈ വർഷത്തെ റമദാൻ വേളയിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 5-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഉംറ അനുഷ്ഠിക്കുന്നതിനും, ഗ്രാൻഡ് മോസ്കിലും, പ്രവാചകന്റെ പള്ളിയിലുമുള്ള പ്രാർത്ഥനകൾക്കും പെർമിറ്റുകൾ അനുവദിക്കുന്നതെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ സർവീസ് വിഭാഗം ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രാലയം പുതിയ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങളാണ് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുള്ളത്:

  • 2 ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • പെർമിറ്റിന് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർക്കും ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • പൂർണ്ണമായും COVID-19 രോഗമുക്തരായവർക്കും പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നതിനായി ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകൾ ഉപയോഗിക്കേണ്ടതാണ്. റമദാൻ ഒന്ന് മുതൽ ‘Tawakkalna’ ആപ്പിൽ വാക്സിനേഷൻ സ്റ്റാറ്റസ് ഉള്ളവർക്കായിരിക്കും പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ സാധിക്കുക.

ഇത്തരത്തിൽ ലഭിക്കുന്ന പെർമിറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള സമയക്രമം കൃത്യമായി പാലിച്ച് കൊണ്ട് തീർത്ഥാടനം പൂർത്തിയാക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. മക്കയിലേക്കും, മദീനയിലേക്കുമുള്ള പ്രവേശനകവാടങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.