സൗദി: കാലാവധി അവസാനിച്ച വിസകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി 992 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണ്

featured GCC News

കാലാവധി കഴിഞ്ഞ വിസകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി 992 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു. 2026 മാർച്ച് 28-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

2026 ഫെബ്രുവരി 25 വരെയുള്ള കാലയളവിൽ കാലാവധി അവസാനിച്ച എല്ലാത്തരം സന്ദർശന വിസകൾ, ഉംറ വിസകൾ, ട്രാൻസിറ്റ് വിസകൾ, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവയുടെ സ്റ്റാറ്റസ് തിരുത്തൽ സംബന്ധിച്ച അന്വേഷണങ്ങൾക്കായി 992 എന്ന ഏകീകൃത കോൺടാക്റ്റ് നമ്പറിൽ ബന്ധപ്പെടാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിന്ന് മടങ്ങാനാകാതെ രാജ്യത്ത് തുടരേണ്ടി വന്ന മേൽപ്പറഞ്ഞ വിസകളുള്ളവർക്ക് തങ്ങളുടെ രേഖകൾ ക്രമപ്പെടുത്തുന്നതിനായുള്ള സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.

2026 ഫെബ്രുവരി 25 വരെയുള്ള കാലയളവിൽ കാലാവധി അവസാനിച്ച എല്ലാത്തരം സന്ദർശന വിസകൾ, ഉംറ വിസകൾ, ട്രാൻസിറ്റ് വിസകൾ, ഫൈനൽ എക്സിറ്റ് വിസകൾ തുടങ്ങിയവയുടെ കാലാവധി സന്ദർശകന്റെ സ്‌പോൺസറുടെ അപേക്ഷയിൽ അബ്‌ഷെർ സംവിധാനത്തിലൂടെ നിശ്ചിത ഫീസ് നൽകികൊണ്ട് നീട്ടാവുന്നതാണ്.

അതല്ലെങ്കിൽ ഇത്തരം വിസകളിലുള്ളവർക്ക് വിസ നീട്ടാതെയോ, ഫീസുകളോ വൈകിയ പിഴകളോ അടയ്ക്കാതെയോ നേരിട്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ വഴി സൗദി അറേബ്യയിൽ നിന്ന് മടങ്ങി പോകുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.

ഇത്തരത്തിൽ സൗദിയിൽ തുടരുന്നവർ നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഈ തീരുമാനം പ്രയോജനപ്പെടുത്തിക്കൊണ്ട് 2026 ഏപ്രിൽ 18-ന് മുമ്പ് രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.