ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു. മാർച്ച് 31-ന് നടക്കാനിരിക്കുന്ന എക്സ്പോ 2020 ദുബായ് സമാപന ചടങ്ങുകളുടെ വിവരങ്ങൾ എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആറ് മാസം നീണ്ട് നിന്ന ഈ ചരിത്ര മേളയ്ക്ക് 2022 മാർച്ച് 31, വ്യാഴാഴ്ച്ച തിരശീല വീഴുമെന്നും, ഇതിന്റെ ഭാഗമായി വര്‍ണ്ണശബളമായ ഒരു സമാപന ചടങ്ങ് സംഘടിപ്പിക്കുമെന്നും എക്സ്പോ 2020 ദുബായ് അധികൃതർ ട്വിറ്ററിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള തലത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞർ പങ്കെടുക്കുന്ന പരിപാടികൾ, കലാപ്രദർശനങ്ങൾ, അതിഗംഭീരമായ കരിമരുന്ന് പ്രയോഗങ്ങൾ മുതലായവ ഇതിന്റെ ഭാഗമായി ഒരുക്കുമെന്ന് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചിട്ടുണ്ട്.
2022 മാർച്ച് 31-ന് വൈകീട്ട് 7 മണിമുതൽ അൽ വാസൽ പ്ലാസയിൽ വെച്ചാണ് ഈ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഈ സമാപന ചടങ്ങുകളിലേക്ക് പരിമിതമായ അളവിൽ, ആദ്യമെത്തുന്നവർക്ക് ആദ്യം പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് സന്ദർശകരെ പങ്കെടുപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
ജൂബിലി സ്റ്റേജ്, ദുബായ് മില്ലേനിയം ആംഫിതിയേറ്റർ എന്നിടങ്ങളിൽ അരങ്ങേറുന്ന കലാപ്രകടനങ്ങളും, സംഗീതപരിപാടികളും എക്സ്പോ വേദിയിലുടനീളമുള്ള പ്രധാന സ്റ്റേജുകൾ, ഫെസ്റ്റിവൽ ഗാർഡൻ, വിവിധ കൺട്രി പവലിയനുകൾ എന്നിവയുൾപ്പെടെ 20-ലധികം ഭീമൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ്. https://virtualexpodubai.com/ എന്ന വിലാസത്തിലും, എക്സ്പോ ടി വിയിലും ഈ ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഗ്ലോബൽ മ്യൂസിക് ഐക്കൺമാരായ ക്രിസ്റ്റിന അഗ്വിലേറ, നോറാഹ് ജോൺസ്, യോ-യോ മാ തുടങ്ങിയവർ ഈ സമാപന ചടങ്ങിന്റെ ഭാഗമായി അതിശയകരമായ പ്രകടനങ്ങൾ നടത്തുന്നതാണ്. 2022 മാർച്ച് 31-ന് വൈകീട്ട് യു എ ഇ സമയം 7 മണിയ്ക്ക് ആരംഭിക്കുന്ന സമാപന ചടങ്ങുകളുടെ ഭാഗമായി എക്സ്പോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത യുവ ഇമറാറ്റി പെൺകുട്ടി പ്രേക്ഷകർക്കായി ഒരു അത്ഭുത കലാവിരുന്ന് ഒരുക്കുന്നതാണ്. 182 ദിവസത്തെ ലോക എക്സ്പോ അനുഭവത്തിലൂടെ അവൾ ആർജിച്ചതും നേടിയതുമായ അറിവും കഴിവുകളും പ്രേക്ഷകർക്കായി ഈ പ്രത്യേക പരിപാടിയിൽ അവതരിപ്പിക്കുന്നതാണ്.
തുടർന്ന് സമാപന ചടങ്ങുകളുടെ ഭാഗമായി മാർച്ച് 31-ന് രാത്രി യു എ ഇ സമയം 20:00 മുതൽ ഗ്രാമി ജേതാവായ സെലിസ്റ്റ് യോ-യോ മാ ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ ഒരു കൺസേർട്ട് നടത്തുന്നതാണ്. സന്ദർശകരിൽ തന്റെ മാസ്മരിക പ്രകടനത്തിലൂടെ അദ്ദേഹം വിസ്മയം ഉണർത്തുമെന്ന് സംഘാടകർ അറിയിച്ചു.
തുടർന്ന് പ്രശസ്ത ഗ്രാമി ജേതാവും ഗാനരചയിതാവും പിയാനിസ്റ്റുമായ നോറാഹ് ജോൺസ് ജൂബിലി സ്റ്റേജിൽ യു എ ഇ സമയം 20:30 മുതൽ ഒരു സംഗീത പരിപാടി അവതരിപ്പിക്കുന്നതാണ്.
യു എ ഇ സമയം 22:30 മണി മുതൽ ജൂബിലി സ്റ്റേജിൽ അമേരിക്കൻ പോപ്പ് ഇതിഹാസം ക്രിസ്റ്റിന അഗ്വിലേറ അവതരിപ്പിക്കുന്ന അവിസ്മരണീയമായ സംഗീത പരിപാടി അരങ്ങേറുന്നതാണ്.
ഇവർക്ക് പുറമെ സമാപന ചടങ്ങിന്റെ ഭാഗമാകാൻ 56 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം പ്രൊഫഷണലുകളും സന്നദ്ധപ്രവർത്തകരും അണിനിരക്കുന്നതാണ്. യു എ ഇ ആസ്ഥാനമായുള്ള കുട്ടികളുടെ ഗായകസംഘത്തിലെ 40 അംഗങ്ങൾ യു എ ഇയുടെ ദേശീയ ഗാനമായ ഇഷി ബിലാദി അവതരിപ്പിക്കുന്നതാണ്.
യാസ്മിന സബാഹ് നേതൃത്വം നൽകുന്ന വനിതകകൾ മാത്രം അംഗങ്ങളായുള്ള ഫിർദൗസ് ഓർക്കസ്ട്രയും സമാപന ചടങ്ങിന്റെ ഭാഗമായി പരിപാടികൾ അവതരിപ്പിക്കുന്നതാണ്. സംഗീത മാന്ത്രികൻ ഹാറൂത് ഫസ്‌ലിയാന്റെ നേതൃത്വത്തിൽ 16 പ്രതിഭാധനരായ അന്താരാഷ്‌ട്ര സംഗീതജ്ഞരുടെ കൂട്ടായ്മയായ എക്‌സ്‌പോ 2020 വേൾഡ് സ്‌ട്രിംഗ് എൻസെംബിൾ ഒരുക്കുന്ന പരിപാടികളും, ഇറ്റാലിയൻ പിയാനിസ്റ്റായ എലെയോനോറ കോൺസ്റ്റാന്റീനിയുടെ സംഗീതവിരുന്നും സമാപന ചടങ്ങിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
വെർച്വൽ എക്‌സ്‌പോയിലും എക്‌സ്‌പോ ടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സമാപന ചടങ്ങിൽ എക്സ്പോ 2020 ദുബായുടെ ഭാഗമായി അൽ വാസൽ പ്ലാസയിൽ അരങ്ങേറിയ ജനപ്രീതിയാര്‍ജ്ജിച്ച നിമിഷങ്ങളെ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. എമിറാറ്റി കവയിത്രി ഔഷ ബിൻത് ഖാലിദ് അൽ സുവൈദിയുടെ കാലിഗ്രാഫി കവിത, യുഎഇയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ അവതരിപ്പിച്ച ഇമ്മേഴ്‌സീവ് തിയറ്റർ ഷോ ജേർണി ഓഫ് ദി 50-ൽ നിന്നുള്ള ഫാൽക്കൺ, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടുള്ള ബഹുമാനസൂചകമായി അവതരിപ്പിക്കപ്പെട്ട ദി ബോയ് ആൻഡ് ദി ഹോഴ്‌സിൽ നിന്നുള്ള അവിശ്വസനീയമായ കുതിര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
എക്സ്പോ 2020 ദുബായുടെ സമാപനത്തിന്റെ ഭാഗമായി യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (BIE) ജനറൽ അസംബ്ലി പ്രസിഡന്റ് അംബാസഡർ ജായ് ചുൽ ചോയിക്ക് BIE പതാക കൈമാറുന്നതാണ്. തുടർന്ന് അദ്ദേഹം ഈ പതാക എക്‌സ്‌പോ 2025 ഒസാക്ക കൻസായിയുടെ പ്രതിനിധികൾക്ക് കൈമാറുന്നതാണ്.
സമാപന ചടങ്ങുകളുടെ ഭാഗമായുള്ള ആഘോഷങ്ങൾ രാത്രി മുഴുവൻ തുടരുന്നതാണ്. എക്സ്പോ 2020 സമാധാനത്തിന്റെ ഭാഗമായുള്ള കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് പ്രദർശനങ്ങൾ അർദ്ധരാത്രിയും, യു എ ഇ സമയം പുലർച്ചെ 3:00 മണിക്കും നടക്കുന്നതാണ്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോ ആയ എക്സ്പോ 2020 ദുബായ് 2021 സെപ്റ്റംബർ 30-നാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്.
WAM