യു എ ഇ: പുതുവർഷത്തെ വരവേൽക്കാൻ മാസ്മരികമായ ആഘോഷങ്ങളുമായി എക്സ്പോ 2020 ദുബായ്

UAE

മാസ്മരികമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ 2020 ദുബായ് വേദി ഒരുങ്ങിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022-നെ വരവേൽക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും നീണ്ട് നിൽക്കുന്ന മായിക കാഴ്ച്ചകളും, ആഘോഷപരിപാടികളുമാണ് എക്സ്പോ വേദിയിൽ ഒരുക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന രണ്ട് കരിമരുന്ന് പ്രദർശനങ്ങൾ, ലോകനിലവാരത്തിലുള്ള ഡിജെകൾ അവതരിപ്പിക്കുന്ന വിനോദപരിപാടികൾ, 2021-ന് വിട പറഞ്ഞു കൊണ്ട്, 2022-നെ സ്വീകരിക്കുന്ന മുഹൂർത്തത്തിൽ അൽ വാസൽ പ്ലാസയിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ‘ബോൾ ഡ്രോപ്പ്’ ചടങ്ങ് തുടങ്ങി വിവിധ രീതിയിലുള്ള ആഘോഷ പരിപാടികളാണ് പുതുവത്സരത്തിൽ എക്സ്പോ വേദിയിൽ അരങ്ങേറുന്നത്. അതി വിപുലമായി സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ പുതുവർഷരാവ് അവിസ്മരണീയമാവുമെന്നുറപ്പാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവത്സര മുഹൂർത്തങ്ങൾ ആഘോഷിക്കുന്നതിനായി നിരവധി ആഗോള സമയ മേഖലകളുമായി യോജിപ്പിച്ച് 13 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികൾ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. എക്സ്പോ 2020 ദുബായ് വേദിയിലെ പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 31, വെള്ളിയാഴ്ച വൈകീട്ട് 3:00 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 4:00 വരെ നീണ്ടുനിൽക്കുന്നതാണ്.

ജൂബിലി പാർക്കിൽ രാത്രി 11:30 മുതൽ ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കാൻ ഒരുങ്ങുന്ന ഡിജെ സ്റ്റാർ ദിമിത്രി വെഗാസ്, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സംഗീത നിർമ്മാതാക്കളിലൊന്നും, ഡിജെയുമായ ആർമിൻ വാൻ ബ്യൂറൻ രാത്രി 1:30-ന് ഒരുക്കുന്ന പരിപാടികൾ എന്നിവ എക്സ്പോ വേദിയിലെത്തുന്നവരുടെ ഇന്ദ്രിയങ്ങൾക്ക് ഒഴിവാക്കാനാവാത്ത ആഘോഷങ്ങളാകുന്നതാണ്. ഇതിന് പുറമെ നിരവധി അറബ്, ഫിലിപ്പിനോ, ഇന്ത്യൻ ഡിജെകൾ എക്സ്പോ വേദിയിൽ അന്ന് വൈകീട്ടുടനീളം പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

“ലോകത്തിലെ എല്ലാ രാജ്യങ്ങളും ആഘോഷിക്കുന്ന പുതുവത്സരാഘോഷം കാലഘട്ടത്തിലെ ഒരു അദ്വിതീയ നിമിഷമാണ് – കഴിഞ്ഞ രണ്ട് വർഷമായി നമ്മൾ ഒരുമിച്ച് പകർച്ചവ്യാധിയെ അഭിസംബോധന ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ ആഘോഷങ്ങൾ കൂടുതൽ ആവേശഭരിതമാണ്. അറബ് ലോകത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇവന്റ് എന്ന നിലയിലും, 182 ദിവസങ്ങളിലായി ഞങ്ങൾ 192 രാജ്യങ്ങൾക്ക് സുരക്ഷിതമായി ആതിഥേയത്വം വഹിക്കുന്നത് തുടരുന്ന സാഹചര്യത്തിലും, ഗംഭീരമായ ആഘോഷപരിപാടികളിലൂടെ 2022-നെ തുറന്ന കൈകളോടെയും ശുഭാപ്തിവിശ്വാസത്തോടെയും സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”, എക്‌സ്‌പോ 2020 ദുബായിലെ ചീഫ് ഇവന്റ്‌സ് ആൻഡ് എന്റർടൈൻമെന്റ് ഓഫീസർ താരീഖ് ഘോഷെ ചൂണ്ടിക്കാട്ടി.

എക്‌സ്‌പോ 2020 വേദിയെ ദുബായ് നഗരവുമായി ആയാസരഹിതമായി ബന്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോ പുതുവത്സരത്തിലുടനീളം തുടർച്ചയായി പ്രവർത്തിക്കുന്നതാണ്. എക്‌സ്‌പോയിലെ ഓരോ സന്ദർശകനും ലോകോത്തര അനുഭവങ്ങൾ ആസ്വദിക്കാനാകുമെന്ന് സംഘാടകർ ഉറപ്പ് നൽകുന്നു. പുതുവത്സര വേളയിൽ സന്ദർശകരുടെ രുചിമുകുളങ്ങൾക്ക് പുത്തൻ അനുഭവങ്ങൾ നൽകുന്നതിനായി 70-ലധികം റെസ്റ്റോറന്റുകളും 120-ലധികം ഭക്ഷണ സങ്കൽപ്പങ്ങളും തയ്യാറാണെന്നും സംഘാടകർ വ്യക്തമാക്കി.

എക്‌സ്‌പോ 2020 വേദിയിലെ ജൂബിലി പാർക്കിൽ പുതുതായി തുറന്ന ഫെസ്റ്റിവൽ ഗാർഡനിൽ പൊതുജനങ്ങൾക്കായുള്ള ഇരിപ്പിടങ്ങൾ, ഒരു പ്രധാന സ്റ്റേജ്, ഫുഡ് ട്രക്കുകൾ, കിയോസ്‌ക്കുകൾ, കാർട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മുഴുവൻ കുടുംബത്തിനും സംഗീതവും വിനോദവും ആസ്വദിക്കാൻ അനുയോജ്യമായ ഒരു ഇടമായിരിക്കുമിതെന്ന് ഉറപ്പാണ്.

COVID-19 മഹാമാരി ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ ആഗോള ഇവന്റ് എന്ന രീതിയിൽ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ നടപടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മേളയിലെ ഓൺ-സൈറ്റ് PCR ടെസ്റ്റിംഗ് സൗകര്യങ്ങളുടെ എണ്ണം നാലായി വിപുലീകരിക്കുന്നതിനൊപ്പം, മുഴുവൻ രാജ്യങ്ങളുടെയും പവലിയനുകളിലെ ജീവനക്കാർക്കായി സൗജന്യ പരിശോധനയും ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സന്ദർശകർ അടുത്ത് ഇടപഴകാൻ ഇടയുള്ള പരേഡുകളും, സഞ്ചരിക്കുന്ന കലാകാരന്മാരെയും പോലുള്ള വിനോദാനുഭവങ്ങൾ ഹ്രസ്വകാല മുൻകരുതൽ നടപടിയായി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

എക്‌സ്‌പോ 2020 വേദിയിലെത്തുന്ന 18-ഉം അതിനുമുകളിലും പ്രായമുള്ള സന്ദർശകർ വാക്സിനേഷൻ രേഖകൾ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത PCR നെഗറ്റീവ് റിസൾട്ട് എന്നിവയിലേതെങ്കിലുമൊന്ന് ഹാജരാക്കേണ്ടതാണ്. എക്സ്പോ വേദിയിലുടനീളം മാസ്കുകളുടെ ഉപയോഗം നിർബന്ധിതമാക്കിയിട്ടുണ്ട്.

WAM