എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം പതിനൊന്ന് ദശലക്ഷത്തോട് അടുക്കുന്നതായി ലോക എക്സ്പോ സംഘാടകർ അറിയിച്ചു. എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 24 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണ് 10,836,389 സന്ദർശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 72.5 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
613 ഫുട്ബോൾ പിച്ചുകളുടെ വിസ്തൃതിയും, ദുബായ് മാളിന്റെ നാലിരട്ടി വലിപ്പമുള്ളതുമായ എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന സന്ദർശകർ, ഇവിടെ ഒരുക്കിയിട്ടുള്ള സമ്പൂർണ്ണ COVID-19 മുൻകരുതൽ നടപടികൾ മൂലം, പ്രതിദിനം 200-ഓളം പരിപാടികൾ സുരക്ഷിതമായി ആസ്വദിക്കുന്നു. ഇന്ത്യൻ താരങ്ങളായ ശേഖർ കപൂറിന്റെയും എആർ റഹ്മാന്റെയും സംഗീത പരിപാടികളും, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയ്ക്ക് പുറത്ത് നടക്കുന്ന ആദ്യ ഗ്ലോബൽ ഗോൾസ് വീക്കിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിച്ച പരിപാടികളും ലോക എക്സ്പോ വേദിയിൽ കൂടുതൽ സന്ദർശകരെത്തുന്നതിന് കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി.
എക്സ്പോ 2020 ദുബായ് വേദിയിലെ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട പവലിയനിൽ ജനുവരി 15 മുതൽ 22 വരെ നടന്ന ഗ്ലോബൽ ഗോൾസ് വീക്ക് ഏറെ ശ്രദ്ധ നേടി. ശ്രദ്ധേയമായ ഫോറങ്ങളുടെയും പാനൽ ചർച്ചകളുടെയും സാന്നിധ്യവും, പോസ്റ്റ്-ഇറ്റ് വാഗ്ദാനങ്ങളും പ്രചോദനാത്മകമായ ‘ടൂ-ഡു ലിസ്റ്റ്’ ആക്ടിവേഷനുകളും ഗ്ലോബൽ ഗോൾസ് വീക്കിനെ സജീവമാക്കി. ദാരിദ്ര്യം, അസമത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനും എല്ലാവർക്കും മികച്ചതും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിനുള്ള ബ്ലൂപ്രിന്റായ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) ഗ്ലോബൽ ഗോൾസ് വീക്ക് മുന്നോട്ടുവച്ചു.
എക്സ്പോ വേദിയിൽ അവതരിപ്പിക്കുന്ന സീനിയർ ഗസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി 60 വയസ്സിന് മുകളിലുള്ള സന്ദർശകർക്ക് മെച്ചപ്പെടുത്തിയ നിരവധി സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാനാകും. സൗജന്യ എക്സ്പോ സീനിയർ സിറ്റിസൺ പാസിന് അർഹതയുള്ള ഏതൊരു അതിഥിക്കും പ്രവേശനം, സന്ദർശകർക്ക് പ്രത്യേക മുൻഗണനാ പാർക്കിംഗ് സ്ഥലങ്ങൾ ആക്സസ് ചെയ്യാനും 90 മിനിറ്റ് വരെ അഞ്ച് പേർക്ക് സ്വകാര്യ ബഗ്ഗികൾ ഉപയോഗിക്കാനും തിരഞ്ഞെടുത്ത പവലിയനുകളിലേക്ക് അതിവേഗ പ്രവേശനം നേടാനും ഉച്ചഭക്ഷണത്തിന് സൈറ്റിലുടനീളം തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ 30 ശതമാനം കിഴിവ് നേടാനും ഈ പദ്ധതി അവസരം നൽകുന്നു.
കൂടാതെ കുടുംബങ്ങൾക്ക്, എക്സ്പോ 2020 ദുബായിലെ ഫെസ്റ്റിവൽ ഗാർഡൻ കുട്ടികളുടെ വിനോദപരിപാടികളും, സംഗീതവും നിറഞ്ഞ മികച്ച ഒരു അനുഭവം ഒരുക്കുന്നു. ജനുവരി അവസാനം വരെ നടക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വീഗൻ ഫുഡ് ഫെസ്റ്റിവലും ഈ വേദിയിൽ നടക്കുന്നു.
എക്സ്പോ വേദിയിലുടനീളം കർശനമായ COVID-19 നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സന്ദർശകർക്കും ജീവനക്കാർക്കും പങ്കെടുക്കുന്നവർക്കും മാസ്കുകളുടെ ഉപയോഗം, COVID-19 രോഗപരിശോധന, മറ്റു മുൻകരുതൽ നടപടികൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. 18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ എക്സ്പോ സന്ദർശകരും വാക്സിനേഷന്റെ തെളിവോ, 72 മണിക്കൂറിനുള്ളിൽ എടുത്ത PCR നെഗറ്റീവ് പരിശോധനാ ഫലമോ ഹാജരാക്കേണ്ടതാണ്.
എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 18 വരെയുള്ള ദിനങ്ങളിൽ 10 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
WAM