സൗദി: തീർത്ഥാടകരുടെ ആദ്യ സംഘമെത്തി; ഉംറ തീർത്ഥാടനം പുനരാരംഭിച്ചു

GCC News

ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു. സുരക്ഷാ മാസ്കുകളും, കൃത്യമായ സാമൂഹിക അകലവും പാലിച്ച് കൊണ്ട് മക്കയിലെ ഗ്രാൻഡ് മോസ്‌ക്കിലെത്തിയ തീർത്ഥാടകർ ഉംറ അനുഷ്ഠാനങ്ങൾക്ക് തുടക്കമിട്ടു.

https://twitter.com/HajMinistry/status/1312500437627465728

ദിനംപ്രതി തീർത്ഥാടനാനുമതി നൽകുന്ന 6000 തീർത്ഥാടകരെ വിവിധ സംഘങ്ങളായി തിരിച്ച് കൊണ്ട് കർശനമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് തീർത്ഥാടനം നടപ്പിലാക്കുന്നത്. ഓരോ സംഘങ്ങളുടെ തീർത്ഥാടനത്തിനിടയിലും അണുനശീകരണ നടപടികളും, ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനായി ചെറിയ ഇടവേളകൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ആദ്യ സംഘം തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം കണിശമായ രീതിയിലുള്ള അണുനശീകരണ നടപടികളാണ് ഗ്രാൻഡ് മോസ്‌ക്കിൽ നടപ്പിലാക്കിയത്.

ആദ്യ സംഘം തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം ഗ്രാൻഡ് മോസ്‌ക്കിൽ അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ദൃശ്യം. Photo: @makkahregion

ഓരോ സംഘങ്ങൾക്കൊപ്പവും ആരോഗ്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി ഗ്രാൻഡ് മോസ്‌ക്കിലെ കവാടങ്ങളിലും, ഹാളുകളിലും തെർമൽ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരെ നിരീക്ഷിക്കുന്നതിനായി ഏതാണ്ട് 1000-ത്തോളം ജീവനക്കാരെയാണ് പ്രത്യേകം നിയോഗിച്ചിട്ടുള്ളത്.

കൊറോണ വൈറസ് സാഹചര്യത്തിൽ പരിമിതമായ അളവിലുള്ള തീർത്ഥാടകർക്കാണ് ഒരേ സമയം ഉംറ അനുഷ്ഠിക്കുന്നതിനു അനുവാദം നൽകുന്നത്. തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സൗദിയിൽ നിലവിലുള്ള, 18-നും 65-നും ഇടയിൽ പ്രായമുള്ള, പൗരന്മാർക്കും, പ്രവാസികൾക്കുമാണ് തീർത്ഥാടനത്തിൽ പങ്കെടുക്കാനുള്ള പെർമിറ്റുകൾ നൽകിയിട്ടുള്ളത്. ഇത്തവണത്തെ ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി പൂർണ്ണമായും ‘I’tamarna’ സ്മാർട്ട്ഫോൺ ആപ്പിലൂടെയാണ് നടപ്പിലാക്കുന്നത്.

തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകുന്നത്. ആദ്യ ഘട്ടം 13 ദിവസം നീണ്ട് നിൽക്കും. ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ഏതാണ്ട് 15000 തീർത്ഥാടകർക്ക് പ്രതിദിനം അനുമതി നൽകുന്ന രീതിയിലേക്ക് സൗകര്യങ്ങൾ ഉയർത്തുന്നതാണ്. നവംബർ 1 മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതി നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Cover Photo: Saudi Press Agency.