എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 16-ന് പത്രമാധ്യമങ്ങളായി നടന്ന പ്രത്യേക ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
‘ടെറാ – സുസ്ഥിരതയുടെ പവലിയൻ’ എന്ന് പേരിട്ടിട്ടുള്ള പവലിയനാണ് ജനുവരി 22 മുതൽ ദുബായ് നിവാസികൾക്കും, ടൂറിസ്റ്റുകൾക്കുമായി തുറന്ന് കൊടുക്കുന്നത്. പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കി രൂപം നൽകിയിട്ടുള്ള പവലിയനുകളിൽ പെടുന്ന ടെറ, എക്സ്പോ 2020-യുടെ 2021 ഒക്ടോബറിൽ നടക്കുന്ന ഉദ്‌ഘാടനത്തിന് മുൻപായി പൊതുജനങ്ങൾക്ക് ജനുവരി 22 മുതൽ ഏപ്രിൽ 10 വരെ സന്ദർശിക്കാവുന്നതാണ്.
25 ദിർഹമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനിടയിൽ ‘അലിഫ്’, ‘മിഷൻ പോസ്സിബിൾ’ എന്നീ പവലിയനുകളും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പോ 2020-യുടെ ഭാഗമായി അവതരിപ്പിക്കാനിരിക്കുന്ന അനുഭവങ്ങളുടെ ഒരു പ്രഥമപ്രദര്‍ശനം എന്ന രീതിയിലാണ് ഈ പവലിയനുകൾ ഒരു നിശ്ചിത കാലയളവിലേക്ക് തുറന്ന് കൊടുക്കുന്നത്.
2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ എക്സ്പോ 2020 ദുബായ് സന്ദർശകരെ സ്വീകരിക്കുന്നതാണ്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, ആഫ്രിക്കൻ മേഖലയിലും, ദക്ഷിണേഷ്യയിലും വെച്ച് സംഘടിപ്പിക്കുന്ന ആദ്യത്തെ വേൾഡ് എക്സ്പോയാണ് എക്സ്പോ 2020 ദുബായ്.
https://expo2020dubai.com/en/pavilions-premiere എന്ന വിലാസത്തിൽ നിന്ന് ടെറ പവലിയൻ സന്ദർശനത്തിനായുള്ള ബുക്കിംഗ് ചെയ്യാവുന്നതാണ്. സന്ദർശകർക്ക് വേദിയിൽ നിന്ന് നേരിട്ട് ടിക്കറ്റ് ലഭിക്കുന്നതല്ല. COVID-19 പശ്ചാത്തലത്തിൽ സന്ദർശകർക്ക് മാസ്കുകൾ, സമൂഹ അകലം, ശരീരോഷ്മാവ് പരിശോധന മുതലായ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പവലിയൻ വേദിയിലേക്കുള്ള പ്രവേശനങ്ങൾ താഴെ പറയുന്ന സമയക്രമങ്ങൾ പ്രകാരമാണ്.
- ചൊവ്വ മുതൽ വ്യാഴം വരെ – വൈകീട്ട് 3.00 മുതൽ രാത്രി 9.00 വരെ. ദിനവും പരമാവധി 3000 സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
- വെള്ളി, ശനി ദിവസങ്ങളിൽ – വൈകീട്ട് 4.00 മുതൽ രാത്രി 10.00 വരെ. ദിനവും പരമാവധി 5000 സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.