ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

featured GCC News

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി ഖത്തർ പോസ്റ്റ് നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ‘ഖത്തറി ഫുട്ബാൾ വിക്ടറീസ്’ എന്ന പ്രമേയത്തിൽ പുറത്തിറക്കിയിട്ടുള്ള ഈ സ്റ്റാമ്പുകൾ ഫുട്ബാൾ മത്സരങ്ങളിൽ ഖത്തർ കൈവരിച്ചിട്ടുള്ള വിജയങ്ങളെ ആഘോഷിക്കുന്നു.

ഖത്തർ ഫൈനലിൽ ഇടം നേടിയ വേൾഡ് യൂത്ത് കപ്പ് 1981, ഖത്തർ ടൂർണമെന്റ് ജേതാക്കളായ അറേബ്യൻ ഗൾഫ് കപ്പ് 1992, ഖത്തർ ഫുട്ബോളിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ഏഷ്യൻ ഗെയിംസ് 2006, ഖത്തർ ടൂർണമെന്റ് ജേതാക്കളായ 2019-ലെ എ എഫ് സി ഏഷ്യൻ കപ്പ് എന്നീ ടൂർണമെന്റുകളിലെ നേട്ടങ്ങളാണ് ഈ പ്രത്യേക സ്മാരക സ്റ്റാമ്പുകളിലെ പ്രമേയം.

Source: Qatar Post.

20000 സ്റ്റാമ്പുകൾ വീതമാണ് ഈ ശ്രേണിയിൽ ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 2000 പ്രത്യേക ഫോൾഡറുകളും, 3000 ഫസ്റ്റ് ഡേ കവറുകളും ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

3.50 റിയാൽ വീതം മൂല്യമുള്ള ഈ നാല് സ്റ്റാമ്പുകൾ അടങ്ങിയ ഒരു സെറ്റിന് 14 റിയാലാണ് ഖത്തർ പോസ്റ്റ് ഈടാക്കുന്നത്. ഫോൾഡറിന് 100 റിയാൽ, ഫസ്റ്റ് ഡേ കവറിന് 15 റിയാൽ എന്നിങ്ങനെയാണ് വില.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് 2022 മെയ് മാസത്തിൽ പുറത്തിറക്കിയിരുന്നു.