ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു

GCC News

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്‌പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു. ഇന്ന് (ജൂലൈ 20) പുലര്‍ച്ചെ 1.58-ന് (യു.എ.ഇ സമയം) ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ പ്രസരണം ദുബായിയിലെ അൽ ഖവാനീജിലുള്ള ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനിൽ പുലർച്ചെ 3.10-നാണ് ലഭിച്ചത്.

തുടർന്ന് 3.31-ന് ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനും ഹോപ്പ് ബാഹ്യാകാശപേടകവും തമ്മിലുള്ള വിനിമയ ബന്ധം സ്ഥാപിച്ചതായും, ഇരുവശത്തേക്കും പ്രസരണം സാധ്യമായതായും യു എ ഇ സ്‌പേസ് ഏജൻസി അറിയിച്ചു.

പുലര്‍ച്ചെ 1.58-ന് വിക്ഷേപികപ്പെട്ട ഹോപ്പ് ബാഹ്യാകാശപേടകം, 2.55-നാണ് H-IIA F42 എന്ന വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപിരിഞ്ഞത്. 3.00 മണിയോടെ ഹോപ്പ് ബാഹ്യാകാശപേടത്തിന്റെ സോളാർ പാനലുകൾ സൂര്യന് അഭിമുഖമായി നിർത്തുന്ന നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിനെത്തുടർന്നാണ് 3.10-നു ഹോപ്പിൽ നിന്നുള്ള ആദ്യ സിഗ്നൽ ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനിൽ ലഭിച്ചത്.

ഹോപ്പ് ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നടക്കുന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുന്നതാണ്.

ജൂലൈ 15-നു നിശ്ചയിച്ചിരുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ചിരുന്നു. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cover photo: Hope Mars Mission Twitter.