രാജ്യത്ത് നടക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ (OFA) അറിയിച്ചു. ജനുവരി 23-നാണ് OFA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ദേശീയ മത്സരങ്ങൾ, ഒമാൻ ഫുട്ബോൾ അസോസിയേഷന് കീഴിൽ നടക്കുന്ന മത്സരങ്ങൾ തുടങ്ങി എല്ലാ ഫുട്ബോൾ മത്സരങ്ങളും കാണികളെ പങ്കെടുപ്പിക്കാതെ നടത്തുമെന്നാണ് OFA അറിയിച്ചിരിക്കുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും OFA അറിയിച്ചു.
രാജ്യത്തെ COVID-19 മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. കൊറോണ വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പൊതു ചടങ്ങുകളിൽ ജനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കാനും, ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള എല്ലാ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു പരിപാടികൾ എന്നിവ മാറ്റിവെക്കാനും തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി 2022 ജനുവരി 21-ന് രാത്രി അറിയിച്ചിരുന്നു.
Cover Image: OFA.