യു എ ഇ: നവംബർ 28 വരെ 4.8 ദശലക്ഷം പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

GCC News

2021 നവംബർ 28 വരെ 4766419 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. നവംബർ 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം പങ്ക് വെച്ചത്.

സംഗീത, കായിക താരങ്ങളുടെ സാന്നിധ്യം, എക്സ്പോ വേദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയ ‘നവംബർ വീക്ക് ഡേ പാസ്’ എന്ന പ്രത്യേക പദ്ധതി തുടങ്ങിയ ഘടകങ്ങൾ സന്ദർശകരുടെ എണ്ണം ഉയരാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി.

തിരക്കേറിയ വിനോദ പരിപാടികൾക്കാണ് പോയ വാരം ജൂബിലി സ്റ്റേജ് സാക്ഷ്യം വഹിച്ചത്. കുവൈറ്റ് ഗായകൻ അബ്ദുല്ല അൽ-റുവൈഷും പ്രശസ്ത ഈജിപ്ഷ്യൻ ഗായകൻ മൊഹമ്മദ് ഹമാക്കിയും ഒരുക്കിയ സംഗീതപരിപാടികൾക്ക് പുറമെ, ലേറ്റ് നൈറ്റ്സ്@എക്സ്പോയിൽ ശാസ്ത്രീയ സംഗീതം മുതൽ ഹാസ്യം വരെയുള്ള ഓൾ-ഫീമെയിൽ പ്രകടനങ്ങൾ ഏറെ സന്ദർശകരെ ആകർഷിച്ചു.

തിങ്ങിനിറഞ്ഞ ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ അക്കാഡമിയ ടീട്രോ അല്ലാ സ്കാലയിലെ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികളും പ്രത്യേക ശ്രദ്ധ നേടി. ഇതോടൊപ്പം അയർലണ്ടിന്റെ ഗ്രാമി അവാർഡ് നേടിയ റിവർ‌ഡാൻസ് ജൂബിലി സ്റ്റേജിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

നവംബർ 24-ന് ആരംഭിച്ച FIDE ലോക ചെസ് ചാമ്പ്യൻഷിപ്പ് ഇതിനകം കളിക്കാരുടെയും ആരാധകരുടെയും ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. നോർവേയിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ തന്റെ കിരീടം നിലനിർത്തുന്നതിനായി കാൻഡിഡേറ്റ് ടൂർണമെന്റിലെ വിജയിയായ റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കെതിരെ ദുബായ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഈ ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 2.25 മില്യൺ യുഎസ് ഡോളർ സമ്മാനത്തുകയുള്ള ഈ ടൂർണമെന്റ് ഡിസംബർ 16 വരെ നീളുന്നു.

Source: Dubai Media Office.

കലകളും കരകൗശലവസ്തുക്കളും ലൈറ്റ് ഷോകളും തത്സമയ പ്രകടനങ്ങളും ഉൾപ്പെടെ യുവ സന്ദർശകർക്കായി എക്സ്പോയിൽ ധാരാളം വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ഒരു ദിവസം ചെലവഴിക്കുന്നതിന് ജനപ്രിയമായ ഒരു വേദിയായി എക്സ്പോ 2020 ദുബായ് ഇതിനകം മാറിക്കഴിഞ്ഞു. എക്സ്പോ വേദിയിലെ ഏതാനം തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ മുതിർന്നവരുടെ ഓരോ ഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഒരു പുതിയ ഫാമിലി ഡൈനിംഗ് ഓഫർ കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഡിസംബറിൽ വരാനിരിക്കുന്ന ശൈത്യകാല ദിനങ്ങളിൽ എക്സ്പോ വേദിയിലെ ആകർഷണങ്ങൾ പരിധികളില്ലാതെ ആസ്വദിക്കാൻ അവസരം നൽകുന്ന ‘ഫെസ്റ്റീവ് പാസ്’ കൂടുതൽ സന്ദർശകരെ എക്സ്പോയിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്. ഫെസ്റ്റീവ് പാസ് 95 ദിർഹത്തിനാണ് ലഭ്യമാക്കുന്നത്. 15 തവണ ഗ്രാമി അവാർഡ് ജേതാവായ അലിസിയ കീസ് ഡിസംബർ 10-ന് അൽ വാസൽ പ്ലാസയിൽ പരിപാടി അവതരിപ്പിക്കുന്നതാണ്. യു എ ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ, ക്രിസ്മസ് ആഘോഷങ്ങൾ, പ്രധാന താരങ്ങളുടെ ലൈവ് കൺസേർട്ട് എന്നിവ ഡിസംബർ മാസത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടും.

WAM