ജിടെക്സ് യൂറോപ്പ് 2025 സംബന്ധിച്ച പ്രഖ്യാപനവുമായി ദുബായ്

featured GCC News

ജിടെക്സ് യൂറോപ്പ് 2025 എന്ന പേരിൽ ജർമനിയിലെ ബെർലിനിൽ വെച്ച് ഒരു ടെക്നോളജി പ്രദർശനം നടത്താൻ തീരുമാനിച്ചതായി ജിടെക്സ് ഗ്ലോബൽ 2023 അധികൃതർ പ്രഖ്യാപിച്ചു. ഈ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് 2025 മെയ് മാസത്തിൽ നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബലിന്റെ ഭാഗമായി നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ജിടെക്സ് ഗ്ലോബൽ കൈവരിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനം എന്ന സ്ഥാനത്തിന് അടിവരയിടുന്നതാണ് ഈ തീരുമാനം.

2025 മെയ് 21 മുതൽ 23 വരെയാണ് ജിടെക്സ് യൂറോപ്പ് 2025 സംഘടിപ്പിക്കുന്നത്. കോൺ ഇന്റർനാഷണൽ, ബെർലിൻ എക്സിബിഷൻ സെന്റർ എന്നിവരുമായി സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

Source: WAM.

ജിടെക്സ് യൂറോപ്പ് 2025 സംബന്ധിച്ച കരാർ ഒപ്പ് വെക്കുന്ന ചടങ്ങിൽ യു എ ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ എക്കണോമി, റിമോട്ട് വർക് ആപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി H.H. ഒമർ സുൽത്താൻ അൽ ഒലമ, ബെർലിൻ ഡെപ്യൂട്ടി മേയർ ഫ്രാൻസിസ്ക ഗിഫെ തുടങ്ങിയവർ പങ്കെടുത്തു.

ഉജ്ജ്വലമായ ഒരു ഭാവിയ്ക്കായി പങ്കാളിത്തം, സഹകരണം, ആഗോള ബന്ധങ്ങൾ എന്നിവ ഊട്ടി ഉറപ്പിക്കുന്നതിന് ദുബായ് നൽകുന്ന പ്രാധാന്യത്തിന്റെ അടയാളമാണ് യൂറോപ്പിൽ ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മൊറോക്കോയിൽ നടന്ന പ്രത്യേക പ്രദർശനത്തോടെ ജിടെക്സ് ആഫ്രിക്ക എന്ന ആശയത്തിന് ജിടെക്സ് ഗ്ലോബൽ തുടക്കമിട്ടിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള സാങ്കേതികവിദഗ്ദർക്ക് പരസ്പരം ബന്ധപ്പെടുന്നതിനും, പുത്തൻ അവസരങ്ങൾ, പുതിയ പങ്കാളിത്തങ്ങൾ എന്നിവ കണ്ടെത്തുന്നതിനുമുള്ള ഒരു വേദി ഒരുക്കുന്നതിലൂടെ, ദുബായ് നയിക്കുന്ന ആഗോള തലത്തിലുള്ള സാങ്കേതികവിദ്യകളുടേതായ ഒരു പുത്തൻ പാത സൃഷ്ടിക്കുന്നതിന് ജിടെക്സ് യൂറോപ്പ് 2025 സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.

ജിടെക്സ് ഗ്ലോബലിന്റെ നാല്പത്തിമൂന്നാമത് പതിപ്പ് 2023 ഒക്ടോബർ 16-ന് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2023 ഒക്ടോബർ 16 മുതൽ 20 വരെയാണ് ജിടെക്സ് ഗ്ലോബൽ 2023 സംഘടിപ്പിക്കുന്നത്. സാങ്കേതിക മേഖലയിൽ നിന്നുള്ള 180000-ൽ പരം എക്സിക്യൂട്ടീവുകൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.

WAM