മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26, ചൊവ്വാഴ്ച്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തു. 167 ദിവസം നീണ്ട് നിൽക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ 2022 ഏപ്രിൽ 10 വരെ സന്ദർശകർക്കായി മായിക കാഴ്ച്ചകൾ ഒരുക്കുന്നതാണ്.
ഇരുപത്താറാം സീസണിന്റെ ഭാഗമായി പതിനഞ്ച് പുതിയ സ്റ്റേജ് പ്രദർശനങ്ങൾ, വിശിഷ്‌ടമായ ഭക്ഷണ വിഭവങ്ങൾ, മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ മുതലായവ ഗ്ലോബൽ വില്ലജ് സംഘാടകർ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
“പുതിയ സീസണിലെത്തുന്ന സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിന്റെ കവാടങ്ങൾ തുറന്ന് കൊടുക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഓരോ സീസണിലും അതിഥികളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ മുതലായവ ഞങ്ങൾക്ക് വളരെയധികം വിലപ്പെട്ടതാണ്. ഇത്തരം വിവരങ്ങൾ കൂടുതൽ മികച്ച ഗ്ലോബൽ വില്ലേജ് അനുഭവങ്ങൾ ഒരുക്കുന്നതിനായി ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു.”, ഗ്ലോബൽ വില്ലേജ് സി ഇ ഒ ബദർ അൻവാഹി അറിയിച്ചു.
“ചില്ലറവില്പന, ഭക്ഷണം, വിനോദപരിപാടികൾ തുടങ്ങിയ മേഖലകളിൽ സന്ദർശകർക്കായി ഏറ്റവും മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുമായി ചേർന്ന് ഒരുക്കുന്ന ആദ്യത്തെ പീറ്റർ റാബിറ്റ് അഡ്വെഞ്ചർ സോൺ, 4D മൂവിങ്ങ് തീയറ്റർ ഉൾപ്പെടുത്തിയിട്ടുള്ള റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് അനുഭവം തുടങ്ങിയവ ഈ വർഷത്തെ ഗ്ലോബൽ വില്ലേജിലെ പ്രധാന ആകർഷണങ്ങളാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ വില്ലേജിൽ ഇത്തവണ 2500 സ്‌ക്വയർ മീറ്ററോളം തെരുവ് വീഥികൾ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാനായി പുതിയ ഇരിപ്പിടങ്ങൾ, സ്ട്രീറ്റ് ഫുഡ് ആസ്വദിക്കുന്നതിനുള്ള പ്രത്യേക മേഖലകൾ, സന്ദർശകർക്ക് ഫോട്ടോ എടുക്കുന്നതിന് അവസരമൊരുക്കുന്ന ഇടങ്ങൾ എന്നിവയും വില്ലേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഭാഗമായിട്ടുള്ള കലാസംഘം പുതിയ 15 സ്റ്റേജ് ഷോകൾ ഇത്തവണ അവതരിപ്പിക്കുന്നതാണ്. ഇതിൽ ഹാർബർ ഫോഴ്സ് എന്ന പ്രദർശനം മേഖലയിൽ തന്നെ ആദ്യത്തെ വാട്ടർ സ്റ്റുണ്ട് ഷോ ആണ്.
ഗ്ലോബൽ വില്ലേജ് പ്രവർത്തന സമയം:
- ശനി – ബുധൻ – വൈകീട്ട് 4 മുതൽ രാത്രി 12 മണിവരെ.
- വ്യാഴം, വെള്ളി, മറ്റു പൊതു അവധി ദിനങ്ങൾ – വൈകീട്ട് 4 മുതൽ രാത്രി 1 മണിവരെ.
തിങ്കളാഴ്ച്ചകളിൽ (പൊതു അവധി ദിനങ്ങളിലൊഴികെ) സ്ത്രീകൾ, കുടുംബങ്ങൾ എന്നിവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലാണ് 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുന്നത്. ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 20 ദിർഹം ഈടാക്കുന്നതാണ്.
മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക, വാണിജ്യ, വിനോദ പ്രദർശനവും, സാംസ്കാരികവൈവിധ്യം കൊണ്ട് കുടുംബങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനവുമായ ഗ്ലോബൽ വില്ലേജിനെ ‘2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായി’ ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.