ഒമാനിലെ പ്രവാസികൾക്ക് കൊറോണാ വൈറസ് പരിശോധനകൾക്കും, ചികിത്സകൾക്കുമായി വരുന്ന ചെലവുകളുടെ ഉത്തരവാദിത്വം സർക്കാർ വഹിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി. ജൂൺ 4, വ്യാഴാഴ്ച്ചയിലെ COVID-19 അവലോകന പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ കൊറോണാ വൈറസ് ചികിത്സകൾ എല്ലാവര്ക്കും സൗജന്യമാണെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ അറിയിച്ചു. “ഒമാനിലെ നിവാസികളോട് COVID-19 ചികിത്സകൾക്കും, പരിശോധനകൾക്കുമായി ഒരു റിയാൽ പോലും ആവശ്യപ്പെടില്ല” എന്ന് അറിയിച്ച ഡോ. അൽ സൈദി ഈ ചെലവുകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കുമെന്നും, ഇൻഷുറൻസ് തുകകളിലൂടെയും, സ്പോൺസർമാർ വഴിയും, ഇവ രണ്ടും ഇല്ലാത്തവർക്ക് സർക്കാർ നേരിട്ടും ഇത്തരം ചെലവുകൾ നിറവേറ്റുമെന്നും കൂട്ടിച്ചേർത്തു.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയും ഒമാൻ ഒരേ പോലെയാണ് സ്വീകരിക്കുന്നതെന്നും, ആധുനിക ഒമാന്റെ രൂപീകരണത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം അറിയിച്ചു. ഒമാനിലെ പ്രവാസികളുടെ ചികിത്സകൾ സംബന്ധിച്ച് വിവിധ സംഘടനകൾ ഉയർത്തിയ ചോദ്യങ്ങൾ ശ്രദ്ധയിൽ പെട്ടതായി അദ്ദേഹം അറിയിച്ചു. ഒമാനിൽ പ്രവാസികൾക്കും, പൗരന്മാർക്കും ഒരേ നിലവാരത്തിലുള്ള ചികിത്സകളും, പരിശോധനകളുമാണ് നൽകി വരുന്നതെന്ന് വ്യക്തമാക്കിയ ഡോ. അൽ സൈദി ഇത്തരം വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും, ഒമാനിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരിൽ നിന്നും ശേഖരിക്കാമെന്നും കൂട്ടിച്ചേർത്തു.