രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് ഈ ആനുകൂല്യം നേടുന്നതിനുള്ള അവസരം നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് സേവന കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്.
പ്രവാസികളുടെ എൻട്രി ആൻഡ് എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട ‘2015/ 21’ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ട് ഖത്തറിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ തിരുത്തി നേടുന്നതിന് 2021 ഒക്ടോബർ 10 മുതൽ 2021 ഡിസംബർ 31 വരെയുള്ള സമയപരിധിയാണ് അധികൃതർ അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാത്തവരും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാത്തവരുമായ തൊഴിലുടമകൾക്ക് ഒത്തുതീര്‍പ്പ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുകകളിൽ ഈ പൊതുമാപ്പ് കാലയളവിൽ അമ്പത് ശതമാനം കിഴിവ് അനുവദിക്കുന്നതിനും യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരിയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിൽ സമർപ്പിക്കാവുന്നതാണ്. ഉം സുലാൽ സർവീസ് സെന്റർ, ഉം സുനൈമ് സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ തുടങ്ങിയ സേവനകേന്ദ്രങ്ങളിലും ഇത്തരം അപേക്ഷകൾ നൽകാവുന്നതാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾ, വർക്ക് വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ള പ്രവാസികൾ, ഫാമിലി വിസ സ്റ്റാറ്റസ് സംബന്ധമായ ലംഘനങ്ങൾ വരുത്തിയിട്ടുള്ള പ്രവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മേല്പറഞ്ഞ കേന്ദ്രങ്ങളിൽ പൊതുമാപ്പ് കാലയളവിൽ പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 6 മണിവരെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.