Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ എമിറേറ്റിലെ നിവാസികൾക്കും, പൗരന്മാർക്കും ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങി ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നേടുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ട്.
ജൂൺ 15 മുതൽ എമിറേറ്റിലെ വിവിധ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് ഈ നടപടി.
വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് ജൂൺ 7-ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയ സാഹചര്യത്തിലാണ് അബുദാബി ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. ‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് ഓരോ മേഖലയിലേക്കും പ്രവേശനം അനുവദിക്കുന്നതിന് മുൻപായി, വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് ആധികാരികമായി പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്.
വ്യക്തിയുടെ വാക്സിനേഷൻ സംബന്ധമായ സ്റ്റാറ്റസ്, PCR ടെസ്റ്റുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് കാലാവധി നിർണ്ണയിക്കുന്നത്. ഇതിനായി വ്യക്തികളെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുന്നു. ഗ്രീൻ പാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ മുകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ നിന്ന് ലഭിക്കുന്നതാണ്.