എക്സ്പോ 2020 ദുബായ്: ഗ്രനേഡ പവലിയൻ രാജ്യത്തിന്‍റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നു

UAE

തങ്ങളുടെ രാജ്യത്തിന്റെ വിസ്മയകരമായ പ്രകൃതി പ്രദർശിപ്പിക്കുന്ന വിശിഷ്ടമായ പവലിയനിലൂടെ കരീബിയൻ രാജ്യമായ ഗ്രനേഡ എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന സന്ദർശകരുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റുന്നു. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും അതോടൊപ്പം ആധികാരികമായ നാടോടിക്കഥകളും ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനാണ് എക്സ്പോ 2020 ദുബായ് വേദിയിലെ തങ്ങളുടെ പവലിയൻ ലക്ഷ്യമിടുന്നതെന്ന് ഗ്രനേഡയുടെ പവലിയൻ ഓർഗനൈസർ സ്റ്റീഫൻ ബെഞ്ചമിൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സുതാര്യമായ നീല ബീച്ചുകൾക്കും, വൈവിധ്യമാർന്ന സമുദ്രജീവികൾക്കും പേരുകേട്ട ഗ്രനേഡയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഈ സുപ്രധാന അന്താരാഷ്ട്ര ഇവന്റിലെ പങ്കാളിത്തത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഗ്രനേഡയുടെ ജിഡിപിയുടെ 67 ശതമാനവും വിനോദസഞ്ചാരത്തിലൂടെയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രനേഡയ്ക്ക് അതിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന രസകരമായ ഒരു ചരിത്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും ഒരു ചതുരശ്ര മൈലിന് ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിനാൽ ഗ്രനേഡ “സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ്” എന്ന പേരിലും അറിയെപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

“കറുത്ത സ്വർണ്ണം” എന്ന് വിളിക്കുന്ന ജാതിക്കയാണ് ഗ്രനേഡയുടെ ഏറ്റവും ഉയർന്ന കയറ്റുമതി വിള. ജാതിക്കയുടെ ആഗോള ഉൽപ്പാദനത്തിന്റെ 20 ശതമാനവും, ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള കൊക്കോയും ഗ്രനേഡയിലാണ് ഉത്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, സമുദ്ര നാവിഗേഷൻ, യാച്ചുകൾ, ടൂറിസം, ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നിവയാണ് ഗ്രനേഡയിലെ പ്രധാന നിക്ഷേപ മേഖലകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദഗ്‌ധ തൊഴിലാളികളുടെ ലഭ്യത, രാജ്യാന്തര വിപണികൾ, ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകൾ, സമൃദ്ധമായ കാർഷിക വിളകൾ എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഗ്രനേഡയിൽ നിക്ഷേപം നടത്തുന്നതിന് പ്രധാന കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തടാകങ്ങൾ, നദികൾ, സൾഫർ നീരുറവകൾ, 40 വെളുത്ത മണൽ ബീച്ചുകൾ, ഒമ്പത് കറുത്ത മണൽ ബീച്ചുകൾ തുടങ്ങിയ ആകർഷണങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഗ്രനേഡ. റിവർ റാഫ്റ്റിംഗ്, കപ്പലോട്ടം, സ്പോർട്സ് ഫിഷിംഗ്, തിമിംഗലം, ഡോൾഫിൻ നിരീക്ഷണം, സ്നോർക്കലിംഗ് തുടങ്ങിയ ജലസാഹസിക വിനോദങ്ങൾ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യുന്നു.

WAM