വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT), ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) എന്നിവർ സംയുക്തമായാണ് സ്‌കൂൾ ബസുകളിലും, മറ്റു അത്തരം വാഹനങ്ങളിലും പാലിക്കേണ്ടതായ മുൻകരുതലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയത്.
വാഹനങ്ങളുടെ നടത്തിപ്പുകാർ, ഡ്രൈവർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും, മേല്‍നോട്ടക്കാർക്കുമുള്ള നിർദ്ദേശങ്ങൾ:
- മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
- മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
- വാഹനങ്ങളിൽ വിദ്യാർഥികൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കുന്ന രീതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതാണ്. ഓരോ ഇരിപ്പിടത്തിനിടയിലും ഓരോ സീറ്റുകൾ ഒഴിച്ചിടേണ്ടതാണ്.
- ഇത്തരത്തിൽ ഒഴിച്ചിടുന്ന സീറ്റുകളിൽ അതിനായുള്ള അടയാളങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്.
- വാഹനങ്ങളിലേക്ക് പ്രവേശനം നൽകുന്നതിന് മുൻപായി ഓരോ വിദ്യാർത്ഥിയുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
- ഓരോ യാത്രകൾക്ക് ശേഷവും വാഹനങ്ങളിൽ ശുദ്ധവായു ലഭിക്കുന്നതിനായി ജനാലകൾ തുറന്നിടേണ്ടതാണ്.
- വാഹനങ്ങളിൽ ഭക്ഷണം, വെള്ളം എന്നിവ വിതരണം ചെയ്യാൻ അനുവാദമില്ല.
- വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്. അധികമായി സ്പര്‍ശിക്കാൻ സാധ്യതയുള്ള ഇടങ്ങൾ തുടർച്ചയായി അണുവിമുക്തമാക്കണം.
ഇത്തരം വാഹനങ്ങളുടെ നടത്തിപ്പുകാർക്കുള്ള നിർദ്ദേശങ്ങൾ:
- വാഹനങ്ങളിൽ തെർമോമീറ്റർ, സാനിറ്റൈസർ, മാസ്ക്, കയ്യുറ എന്നിവ ഉറപ്പാക്കേണ്ടതാണ്.
- ഡ്രൈവർമാർക്കും, മേല്‍നോട്ടക്കാർക്കും COVID-19 രോഗബാധയെക്കുറിച്ചും, പ്രതിരോധ നടപടികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നൽകേണ്ടതാണ്.
- ദിനവും ഡ്രൈവർമാരുടെയും, മേല്‍നോട്ടക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
- ഡ്രൈവറും വിദ്യാർത്ഥികളും തമ്മിൽ സമ്പർക്കം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ സ്‌ക്രീൻ ഓരോ വാഹനങ്ങളിലും ഉറപ്പാക്കേണ്ടതാണ്.
- ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാർത്ഥികൾക്കാണ് അനുവാദം.
- സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്.
- വാഹനങ്ങളിലെ എല്ലാ വാതിലുകളും സ്പർശനം ഒഴിവാക്കുന്നതിനായി ഓട്ടോമാറ്റിക്ക് സംവിധാനം ഉപയോഗിച്ച് തുറക്കേണ്ടതാണ്. ഈ ചുമതല ഡ്രൈവർക്കായിരിക്കും.
- ഓരോ ഉപയോഗങ്ങൾക്ക് ശേഷവും, യാത്രയ്ക്കിടയിലും അണുനശീകരണത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അടയാളങ്ങൾ വാഹനങ്ങൾക്കകത്ത് പ്രദർശിപ്പിക്കേണ്ടതാണ്.
- COVID-19 രോഗബാധകൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്.
- സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വാഹനങ്ങളിൽ നടപ്പിലാക്കേണ്ടതാണ്.
- വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ട്രിപ്പുകളുടെ എണ്ണം കൂട്ടേണ്ടതാണ്.
വിദ്യാർത്ഥികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- 6 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും മാസ്കുകൾ നിർബന്ധമാണ്.
- ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
- ഡ്രൈവർ അല്ലെങ്കിൽ മേല്‍നോട്ട ചുമതലയുള്ളവർ ഇരിപ്പിടങ്ങൾ സംബന്ധിച്ച് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കേണ്ടതാണ്.
- രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആ വിവരം ഡ്രൈവർമാരോടോ, മേല്‍നോട്ടക്കാരോടോ അറിയിക്കേണ്ടതാണ്.
- വാഹനങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപും, വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.
വിദ്യാലയങ്ങൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- ഡ്രൈവർമാർക്കും, മേല്‍നോട്ടക്കാർക്കും രോഗബാധയില്ല എന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ ടെസ്റ്റിംഗ് ഉറപ്പാക്കേണ്ടതാണ്.
- ആവശ്യമായ എണ്ണം വാഹനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- എല്ലാ വാഹനങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ബോധവത്കരണ പരിപാടികൾ നടത്തേണ്ടതാണ്.
- ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താം എന്നുള്ള സത്യവാങ്മൂലം ഓരോ രക്ഷിതാക്കളിൽ നിന്നും ശേഖരിക്കേണ്ടതാണ്.
- രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന വിദ്യാർഥികൾ ഇത്തരം വാഹനങ്ങളിൽ പ്രവേശിക്കുന്നില്ലാ എന്നത് ഉറപ്പാക്കേണ്ടതാണ്.
- സമൂഹ അകലം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- ദിനവും ഡ്രൈവർമാരുടെയും, മേല്‍നോട്ടക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- ഡ്രൈവർമാർക്കും, മേല്‍നോട്ടക്കാർക്കും ഫോണിൽ അൽ ഹൊസൻ ആപ്പ് ഉറപ്പാക്കേണ്ടതാണ്.