ഗൾഫ് റെയിൽവേ പദ്ധതി അമ്പത് ശതമാനം പൂർത്തിയായി

featured GCC News

ഗൾഫ് റെയിൽവേ പദ്ധതി അമ്പത് ശതമാനം പൂർത്തിയായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗൾഫ് സഹകരണ കൗൺസിലിലെ (GCC) ആറ് അംഗരാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഗൾഫ് റെയിൽവേ പദ്ധതി നടപ്പിലാക്കുന്നത്. 1700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയുള്ള ഈ പദ്ധതി അമ്പത് ശതമാനം പൂർത്തിയായതായി ജി സി സി റെയിൽ അതോറിറ്റി ഡയറക്ടർ മുഹമ്മദ് അൽ ഷെബ്‌റാമി അറിയിച്ചു.

ഈ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഒരു പ്രാദേശിക സൗദി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജി സി സി അംഗരാജ്യങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംയോജിത അടിസ്ഥാന സൗകര്യ സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സംയോജനം വർദ്ധിപ്പിക്കുന്നതിലും രാജ്യങ്ങൾക്കിടയിലുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള വ്യോമ, റോഡ്, സമുദ്ര ഗതാഗത ശൃംഖലകളുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് ഈ റെയിൽവേ പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.