ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. 2022 നവംബർ 10-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ വിമാനത്താവളത്തിന്റെ ശേഷി ഏതാണ്ട് 58 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാവുന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഫിഫ ലോകകപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായാണ് ഈ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഖത്തറിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതിന് ഈ വികസന പ്രവർത്തനങ്ങൾ ഏറെ സഹായകമാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി ഇ ഓ H.E. അക്ബർ അൽ ബക്കർ അറിയിച്ചു. നവംബർ 10-ന് ദോഹയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിലെത്തുന്ന യാത്രികർക്കായുള്ള ദി ഓർച്ചാർഡ് എന്ന പേരിലുള്ള സെൻട്രൽ കോൺകോർസ്, ദി ഓർച്ചാർഡ് എന്ന പേരിലുള്ള ചില്ലറവില്പന മേഖല, ഭക്ഷണപാനീയശാലകൾ, റിമോട്ട് ട്രാൻസ്ഫർ ബാഗേജ് സംവിധാനം, വിർച്യുവൽ എയർ ട്രാഫിക് കൺട്രോൾ ടവർ മുതലായവ ഈ വികസനപദ്ധതിയുടെ കീഴിൽ വിമാനത്താവളത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ശേഷി 75 ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാവുന്ന നിലയിലേക്ക് ഉയർത്തുന്നതിനുള്ള വികസനപ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം 2023-ൽ ആരംഭിക്കുന്നതാണ്.