2021 ഫെബ്രുവരി 9-ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബ് പകർത്തിയ ചുവന്ന ഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചതായി എമിറേറ്റ്സ് മാർസ് മിഷൻ ടീം അറിയിച്ചു. ഹോപ്പ് പ്രോബ് ഭൂമിയിലേക്ക് സംപ്രേക്ഷണം ചെയ്ത ഈ ദൃശ്യം അബുദാബി കിരീടാവകാശി H.H ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ പങ്ക്‌വെച്ചിട്ടുണ്ട്.
ഫെബ്രുവരി 14-നാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്ക് വെച്ചത്. “ഹോപ്പ് പ്രോബിൽ നിന്ന് സംപ്രേക്ഷണം ചെയ്ത ഈ ദൃശ്യം രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ബഹിരാകാശ പര്യവേഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ അങ്ങിനെ യു എ ഇ ഇടം നേടിയിരിക്കുന്നു. എമിറേറ്റ്സ് മാർസ് മിഷൻ ചൊവ്വാഗ്രഹത്തെക്കുറിച്ച് നടത്തുന്ന ഓരോ പുതിയ കണ്ടുപിടുത്തങ്ങളും മനുഷ്യരാശിക്കാകെ പ്രയോജനപ്പെടുന്നതായിരിക്കും.”, ഈ ചിത്രം പങ്ക് വെച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഈ ദൃശ്യം ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു.
ഏഴു മാസത്തിനിടെ 493 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് ചൊവ്വയിലെത്തിയ ഹോപ്പ് പ്രോബിലെ മൂന്ന് ശാസ്ത്ര ഉപകരണങ്ങളിൽ ഒന്നായ എക്‌സിഐ ഡിജിറ്റൽ പര്യവേക്ഷണ ക്യാമറയാണ് ചൊവ്വയുടെ ആദ്യ ദൃശ്യം പകർത്തിയത്. 12 മെഗാപിക്സൽ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന മൾട്ടി-തരംഗദൈർഘ്യമുള്ള റേഡിയേഷൻ ടോളറന്റ് ക്യാമറയാണ് ഇത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഹോപ്പ് ഈ ദൃശ്യം പകർത്തിയത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് അതിരാവിലെ സൂര്യപ്രകാശത്തിൽ ഉയർന്നു വരുന്നത് ഈ ദൃശ്യത്തിൽ കാണാവുന്നതാണ്. തർസിസ് മോണ്ടെസിലെ മൂന്ന് വലിയ ഷീൽഡ് അഗ്നിപർവ്വതങ്ങൾ (അസ്‌ക്രീയസ് മോൺസ്, പാവോണിസ് മോൺസ്, അരിസിയ മോൺസ്) ഈ ചിത്രത്തിൽ തെളിമയോടെ ദൃശ്യമാണ്.
ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ 2021 ഫെബ്രുവരി 9, ചൊവ്വാഴ്ച്ച വൈകീട്ട് യു എ ഇ പ്രാദേശിക സമയം 7:42-ന് വിജയകരമായി ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന്, ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം) ഹോപ്പ് ബഹിരാകാശ പേടകം വിക്ഷേപണം ചെയ്‌തത്. 7 മാസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ്പ് പ്രോബ് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഹോപ്പ് ബാഹ്യാകാശപേടകം 687 ദിവസം (ഒരു ചൊവ്വാ വർഷം) ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്. അന്തരീക്ഷത്തിൽ ഇരുമ്പിന്റെ അംശമേറിയതിനാൽ ചുവന്ന നിറത്തിലുമുള്ള ഈ ഗ്രഹത്തെ അടുത്തറിയാനും, ലോകം കണ്ടതിൽ വച്ച് ഏറ്റവും നല്ല ചിത്രങ്ങൾ പകർത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു. നൂറ്റാണ്ടുകളായി മനുഷ്യ മനസ്സിൽ കയറിക്കൂടിയ ഈ ചുവന്ന ഗ്രഹത്തെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുക, അതിലൂടെ ശാസ്ത്ര മേഖലയ്ക്ക് അറിവിന്റെ പുതിയ വെളിച്ചം പകരുക എന്ന സദുദ്ദേശപരമായ ആശയവും ഈ ദൗത്യത്തിന് പിന്നിലുണ്ട്.
ചൊവ്വയിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകമാകുന്ന അറിവുകൾ ഹോപ്പ് പ്രോബ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കാലയളവിൽ ഹോപ്പ് ശേഖരിക്കുന്ന സമഗ്രമായ വിവരങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിന് മുതൽക്കൂട്ടാകും. ആഗോള പൊടി കൊടുങ്കാറ്റിനെക്കുറിച്ച് ഹോപ്പ് കൂടുതൽ ധാരണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.