ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ യത്നങ്ങളിലൊന്ന് നമ്മുടെ ഭാരതത്തിൽ നിലവിൽ നടന്ന് കൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയിൽ നിങ്ങൾക്കരികിലുള്ളതോ, നിങ്ങൾക്ക് ഏറ്റവും സൗകര്യമുള്ളതോ ആയ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള നടപടികൾ വായനക്കാർക്കായി ഞങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
ആരോഗ്യ പ്രവർത്തകർക്കും, മുൻനിര പോരാളികൾക്കും വാക്സിൻ നൽകിക്കൊണ്ടാണ് ഇന്ത്യയിലെ വാക്സിനേഷൻ യത്നം ആരംഭിച്ചത്. ഇപ്പോൾ ഈ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും രാജ്യവ്യാപകമായി വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.
മുൻകൂർ ബുക്കിംഗ് പൂർത്തിയാക്കുന്നവർക്കാണ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഈ നടപടികൾ എങ്ങിനെ പൂർത്തിയാക്കാം എന്ന് നോക്കാം.
വാക്സിൻ ലഭിക്കുന്നതിനായി https://www.cowin.gov.in/home എന്ന CoWIN പോർട്ടലിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. നിങ്ങളുടെ മൊബൈൽ നമ്പർ, ആധാർ അല്ലെങ്കിൽ ഫോട്ടോ പതിപ്പിച്ച സ്വീകാര്യമായ തിരിച്ചറിയൽക്കാർഡ് എന്നിവ ഉപയോഗിച്ച് ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
ഇതിന്റെ ആദ്യ പടിയായി https://selfregistration.cowin.gov.in/ എന്ന വിലാസം നിങ്ങളുടെ ബ്രൗസറിൽ തുറക്കുക. ആദ്യമായി റജിസ്റ്റർ ചെയ്യുന്നവർക്കും, മുൻപ് റജിസ്റ്റർ ചെയ്തവർക്ക് കൂടുതൽ നടപടികൾ പൂർത്തിയാക്കുന്നതിന് വീണ്ടും ലോഗിൻ ചെയ്യുന്നതിനും ഇതേ വിലാസം തന്നെയാണ് ഉപയോഗിക്കേണ്ടത്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ ഈ വിലാസത്തിൽ തങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകേണ്ടതാണ്.
ഈ നമ്പർ നിങ്ങളുടെ OTP, വാക്സിനേഷൻ സംബന്ധമായ മറ്റു വിവരങ്ങൾ എന്നിവ ലഭിക്കുന്നതിന് ആവശ്യമാകുന്നതിനാൽ തെറ്റു കൂടാതെ ഇത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ നമ്പർ നൽകിയ ശേഷം ‘GET OTP’ ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫോൺ നമ്പറിലേക്ക് CoWIN പോർട്ടലിൽ നിന്ന് ഒരു OTP വരുന്നതായിരിക്കും. പത്ത് മിനിറ്റ് നേരത്തേക്കാണ് ഈ പാസ്സ്‌വേർഡിന് സാധുത ഉണ്ടായിരിക്കുക. നിങ്ങളുടെ ഫോണിലേക്ക് വന്ന OTP നൽകിയ ശേഷം ‘VERIFY’ ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങൾ നൽകിയ OTP ശരിയാണെങ്കിൽ വാക്സിൻ കുത്തിവെപ്പ് റജിസ്റ്റർ ചെയ്യുന്നതിനുള്ള പേജ് ലോഡ് ആകുന്നതാണ്. ഇവിടെ നിന്ന് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന ഫോട്ടോ പതിപ്പിച്ച ഐഡി പ്രൂഫ് തിരഞ്ഞെടുക്കുക. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്സ്‌പോർട്ട്, പെൻഷൻ പാസ്ബുക്ക്, NPR സ്മാർട്ട് കാർഡ്, വോട്ടേഴ്‌സ് ഐഡി (Aadhaar Card, Driving License, PAN Card, Passport, Pension Passbook, NPR Smart Card, Voter ID) എന്നിവയിലേതെങ്കിലും ഒരു രേഖ ഇതിനായി ഉപയോഗിക്കാം. തുടർന്ന് നിങ്ങൾ തിരഞ്ഞെടുത്ത ഐഡി കാർഡിന്റെ നമ്പർ നൽകേണ്ടതാണ്.
ഇതിന് ശേഷം നിങ്ങളുടെ ഐഡി കാർഡിൽ നൽകിയിട്ടുള്ള അതേ രീതിയിൽ പേര്, ലിംഗം, ജനിച്ച വർഷം എന്നിവ നൽകിയ ശേഷം ‘REGISTER’ ബട്ടൺ ക്ലിക്ക് ചെയ്യുക. രെജിസ്ട്രേഷൻ പൂർത്തിയായാൽ അത് സംബന്ധിച്ച സന്ദേശം ലഭിക്കുന്നതാണ്. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് പേജ് ലോഡ് ആകുന്നതാണ്. ഈ പേജിൽ നിങ്ങൾ നൽകിയ ഫോൺ നമ്പറുമായി ബന്ധപ്പെട്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ വിവരങ്ങൾ കാണാവുന്നതാണ്.
നിങ്ങൾക്ക് ഒരു മൊബൈൽ നമ്പറിന് കീഴിൽ പരമാവധി 4 പേരെ വരെ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി അക്കൗണ്ട് ഡീറ്റെയിൽസ് പേജിലെ ‘Add More’ ലിങ്ക് ക്ലിക്ക് ചെയ്ത് മുകളിൽ പറഞ്ഞ അതെ രീതിയിൽ തന്നെ മറ്റുള്ളവരുടെ ഐഡി കാർഡ് വിവരങ്ങൾ ഉൾപ്പടെയുള്ളവ നൽകേണ്ടതാണ്. ഇപ്രകാരം ഒരു ഫോൺ നമ്പറിന് കീഴിൽ റജിസ്റ്റർ ചെയ്യുന്ന ഓരോ വ്യക്തിക്കും സ്വന്തമായിട്ടുള്ള ഫോട്ടോ ഐഡി സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അക്കൗണ്ട് ഡീറ്റെയിൽസ് പേജിൽ നിന്ന് നിങ്ങൾ റജിസ്റ്റർ ചെയ്യുന്ന ഓരോ വ്യക്തിയുടെയും വാക്സിൻ കുത്തിവെപ്പ് കേന്ദ്രം, തീയതി എന്നിവ തിരഞ്ഞെടുത്ത് കൊണ്ട് മുൻകൂർ ബുക്കിംഗ് ചെയ്യവുന്നതാണ്. ആവശ്യമെങ്കിൽ നിങ്ങൾ റജിസ്റ്റർ ചെയ്ത വ്യക്തിയെ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഈ പേജിൽ ലഭ്യമാക്കിയിട്ടുണ്ട്.
വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ചെയ്യുന്നതിനായി ഓരോ വ്യക്തിയുടെ വിവരത്തിനു നേരെയും നൽകിയിട്ടുള്ള ‘schedule’ ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം ‘SCHEDULE APPOINTMENT’ ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ‘Book Appointment for Vaccination’ പേജിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, പിൻകോഡ് എന്നിവ തിരഞ്ഞെടുത്ത ശേഷം ‘SEARCH’ ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ചുറ്റുവട്ടത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ പേരുകൾ ലോഡ് ചെയ്യുന്നതാണ്.
ഈ ലിസ്റ്റിൽ നിന്ന് ഓരോ കേന്ദ്രത്തിലും ക്ലിക്ക് ചെയ്ത് വാക്സിൻ ലഭിക്കുന്നതിനുള്ള സ്ലോട്ട് ആ കേന്ദ്രത്തിൽ ലഭ്യമാണോ എന്ന് അറിയാവുന്നതാണ്. നിങ്ങൾ ക്ലിക്ക് ചെയ്ത കേന്ദ്രത്തിൽ സ്ലോട്ട് ലഭ്യമാണെങ്കിൽ സ്ലോട്ട് ലഭ്യമായ തീയ്യതി, എത്ര സ്ലോട്ട് ലഭ്യമാണ് എന്നീ വിവരങ്ങൾ അറിയാവുന്നതാണ്. ഈ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ഒരു തീയ്യതി തിരഞ്ഞെടുത്ത ശേഷം ബുക്കിംഗ് ചെയ്യുന്നതിനായി ‘BOOK’ ബട്ടൺ ക്ലിക്ക് ചെയ്യുക. അടുത്ത സ്‌ക്രീനിൽ നിങ്ങൾ തിരഞ്ഞെടുത്ത കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ, തീയ്യതി മുതലായവ പരിശോധിച്ചുറപ്പിച്ച ശേഷം ‘CONFIRM’ ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ബുക്കിംഗ് സ്ഥിരീകരിച്ച് കൊണ്ടുള്ള സന്ദേശമടങ്ങിയ ഒരു പേജ് ലോഡ് ആകുന്നതാണ്. ഇതിൽ നൽകിയിട്ടുള്ള ഡൌൺലോഡ് ബട്ടൺ ഉപയോഗിച്ച് കൊണ്ട് ഈ മുൻകൂർ ബുക്കിംഗ് വിവരങ്ങൾ നിങ്ങൾക്ക് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.
ഈ പ്രിന്റ് ചെയ്ത മുൻകൂർ ബുക്കിംഗ്, നിങ്ങൾ ബുക്ക് ചെയ്യാനായി നൽകിയ ഫോട്ടോ ഐഡി എന്നിവയുമായി നിങ്ങൾ ബുക്ക് ചെയ്ത തീയ്യതിയിൽ നിങ്ങൾ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിൻ കുത്തിവെപ്പ് എടുക്കാവുന്നതാണ്. വാക്സിൻ എടുക്കുന്നതിന് മുൻപ് നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആ വിവരം വാക്സിനേഷൻ കേന്ദ്രത്തിൽ അറിയിക്കേണ്ടതാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ നിങ്ങളുടെ പ്രിന്റ് ചെയ്ത ബുക്കിംഗ് അപ്പോയിന്റ്മെന്റ്, ഐഡി കാർഡ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
വാക്സിൻ കുത്തിവെപ്പ് ലഭിച്ച ശേഷം നിങ്ങൾ ആരോഗ്യ കേന്ദ്രത്തിൽ അര മണിക്കൂറോളം നിരീക്ഷണത്തിൽ തുടരേണ്ടതാണ്. ഓർക്കുക, വാക്സിൻ കുത്തിവെപ്പ് ലഭിച്ച ശേഷവും മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ തുടരേണ്ടത് വളരെ പ്രധാനമാണ്.